ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയാകുന്നു
റായ്പുർ : ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. മാവോയിസ്റ്റ് ഭീഷണി അതിരൂക്ഷമായ 12 മണ്ഡലങ്ങളെ ‘റെഡ് സോൺ’ സീറ്റുകളായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രശ്നബാധിത മണ്ഡലങ്ങളിൽ പത്തെണ്ണത്തിൽ രാവിലെ ഏഴു മുതൽ വൈകിട്ട് മൂന്നു വരെയും എട്ടു മണ്ഡലങ്ങളിൽ രാവിലെ എട്ടു മുതൽ അഞ്ചു വരെയുമാണ് പോളിങ്.
കനത്ത സുരക്ഷയിലാണ് പോളിങ് സാമഗ്രികൾ ഓരോ ബൂത്തിലും എത്തിച്ചിരിക്കുന്നത്. ഹെലികോപ്റ്ററുകൾ വഴിയാണ് വോട്ടിങ് യന്ത്രങ്ങളും മറ്റു സാമഗ്രികളും എത്തിച്ചത്. ചില വിദൂര ബൂത്തുകളിലേക്ക് ഉദ്യോഗസ്ഥരെ എത്തിക്കുന്നതും ഹെലികോപ്റ്ററിലാണ്. ഇരുനൂറോളം ബൂത്തുകളിൽ ഇത്തവണ ഹെലികോപ്റ്ററുകളുടെ സേവനം ഉറപ്പാക്കും.
മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ഛത്തീസ്ഖണ്ഡിൽ കഴിഞ്ഞ പതിനഞ്ചുദിവസത്തിനിടെയുണ്ടായ ആക്രമണങ്ങളിൽ സൈനികരും ദൂരദർശന്‍ ക്യാമറാമാനും ഉൾപ്പെടെ 13 പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ ആക്രമണങ്ങളൊന്നും സംസ്ഥാനത്തെ ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെ തളർത്തുന്നില്ല. മത്സരിക്കുന്നതിൽനിന്ന് അധികമാരെയും പിന്തിരിപ്പിക്കുന്നുമില്ല. നവംബര്‍ 12നു നടക്കുന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് 190 സ്ഥാനാർഥികളാണ്. മുഖ്യമന്ത്രി രമൺ സിങ്ങിന്റെ മണ്ഡലമായ രാജ്നന്ദൻഗാവിലാണ് ഏറ്റവുമധികം പേർ ആദ്യഘട്ടത്തിൽ മത്സരിക്കുന്നതും – 30 സ്ഥാനാർഥികൾ.
ഏറ്റവും കുറവ് സ്ഥാനാർഥികളുള്ളത് ബസ്താർ, കൊണ്ടാഗാവ് മണ്ഡലങ്ങളിലാണ്; അഞ്ചു വീതം. 31,79,520 വോട്ടർമാരാണ് ആദ്യഘട്ടത്തിൽ സമ്മതിദാനാവകാശം നിർവഹിക്കുക. ഇവരിൽ കൂടുതലും വനിതകളാണ്–16,21,839 പേർ. 15,57,592 പുരുഷ വോട്ടർമാരുമുണ്ട്. ഇതരലിംഗ വിഭാഗത്തിൽപ്പെട്ടവരുമുണ്ട്. 4336 പോളിങ് ബൂത്തുകളാണ് ഒന്നാം ഘട്ടത്തിനായി ഒരുക്കിയിരിക്കുന്നത്. 2000 നവംബർ ഒന്നിനായിരുന്നു ഛത്തീസ്ഗഡിന്റെ രൂപീകരണം. അന്നു മുതൽ 2003 വരെ ഭരിച്ചത് അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരായിരുന്നു. 2003 ല്‍ ഭരണം പിടിച്ച ബിജെപി ഇതുവരെ അധികാരം വിട്ടുകൊടുത്തിട്ടില്ല.



