നിയന്ത്രണങ്ങളോടെ തൃശ്ശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കി, കുടമാറ്റം 15 മിനിറ്റിലേക്ക് ചുരുക്കി
ശാരിക l കേരളം
തൃശ്ശൂർ: ശക്തന്റെ മണ്ണിൽ ആചാരപ്പെരുമയോടെ ഇന്ന് തൃശ്ശൂർ പൂരം. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ആഘോഷങ്ങൾ നടക്കുന്നത്. വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കി ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തി. സാധാരണയായി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന കുടമാറ്റം ഇത്തവണ 15 മിനിറ്റിലേക്ക് ചുരുക്കി. ഇരുവിഭാഗവും അമ്പത്തിയഞ്ച് സെറ്റ് കുടകൾക്ക് പകരം പത്ത് സെറ്റ് കുടകൾ മാത്രമാണ് ഉയർത്തുക. പൂരത്തിന്റെ മറ്റ് പ്രധാന ചടങ്ങുകൾക്ക് മാറ്റമില്ല. പുലർച്ചെ 4.45-ന് കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളിയതോടെ ഘടകപൂരങ്ങൾക്ക് തുടക്കമായി. തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരും മറ്റ് ഏഴ് ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള ദേവീദേവന്മാരും വടക്കുംനാഥനെ വണങ്ങാനെത്തും.
രാവിലെ 11 മണിക്ക് തിരുവമ്പാടിയുടെ മഠത്തിൽ വരവ് ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ 250 കലാകാരന്മാർ അണിനിരക്കുന്ന പ്രശസ്തമായ പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം നടക്കും. ആനപ്രേമികളുടെ പ്രിയതാരം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പുകാവ് ഭഗവതിയുടെ തിടമ്പേറ്റി എഴുന്നള്ളുന്നത് കാണാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കടുത്ത ഉഷ്ണത്തെയും വെയിലിനെയും അവഗണിച്ച് ജനലക്ഷങ്ങൾ പൂരനഗരിയിൽ തടിച്ചുകൂടിയിട്ടുണ്ട്. വൈകിട്ട് 5.30-ന് തെക്കേനടയിലാണ് കുടമാറ്റം നടക്കുക. വെടിക്കെട്ട് സമയമായ പുലർച്ചെ ആചാരപ്രകാരം ഇരുവിഭാഗത്തിന്റെയും ഓരോ കതിനകൾ മാത്രം മുഴങ്ങും.
dssfsfs



