കമ്പത്ത് പടക്കനിർമ്മാണശാലയിൽ വൻ സ്‌ഫോടനം: രണ്ട് മരണം, രണ്ടുപേർക്ക് പരിക്ക്
ശാരിക I ദേശീയം
കമ്പം: കേരള-തമിഴ്‌നാട് അതിർത്തി നഗരമായ കമ്പത്ത് പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. തേനി ജില്ലയിലെ കുംഭനഗരത്തിന് സമീപം കാട്ടുപിള്ളി വാസൽ റോഡിൽ പ്രവർത്തിക്കുന്ന ലക്ഷ്മി പടക്ക നിർമ്മാണ ശാലയിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറി കെട്ടിടം പൂർണ്ണമായും തകർന്നു.
തിരഞ്ഞെടുപ്പ് പ്രമാണിച്ച് രണ്ട് ദിവസത്തെ അവധിക്ക് ശേഷം ശനിയാഴ്ച രാവിലെ ഫാക്ടറി തുറക്കാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. അസംസ്‌കൃത വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിന്റെ ഷട്ടർ തുറക്കുന്നതിനിടെ വലിയ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടാകുകയായിരുന്നു. ഷട്ടർ തുറക്കാനെത്തിയ നാല് തൊഴിലാളികളിൽ രണ്ടുപേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ മറ്റു രണ്ടുപേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടുത്ത ചൂട് മൂലമോ ഷട്ടർ തുറന്നപ്പോൾ ഉണ്ടായ ഉരസലിൽ നിന്നുള്ള തീപ്പൊരി മൂലമോ ആകാം സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് വർഷം മുൻപ് പ്രവർത്തനം ആരംഭിച്ച സ്ഥാപനമാണിത്. മുണ്ടത്തിക്കോട് പടക്ക സംഭരണശാലയിലെ അപകടത്തിന്റെ ഞെട്ടൽ മാറും മുൻപെ ഉണ്ടായ ഈ ദുരന്തം അതിർത്തി ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
sdfsf



