ആണവ ശേഷിയുള്ള മുങ്ങിക്കപ്പൽ ഐഎൻഎസ് അരിഹന്ത് ഇന്ത്യൻ സേനയുടെ ഭാഗമായി


ന്യൂഡൽഹി : ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ വഹിക്കാവുന്ന മുങ്ങിക്കപ്പൽ ഐഎൻഎസ് അരിഹന്ത് ഇന്ത്യൻ സേനയുടെ ഭാഗമായി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മുങ്ങിക്കപ്പൽ വിജയകരമായി നിരീക്ഷണ ഒാട്ടം പൂർത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ, കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ ആണവ മിസൈൽ വിക്ഷേപിക്കാൻ കരുത്തുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം പിടിച്ചു. യുഎസ്, റഷ്യ, ഫ്രാൻസ്, ചൈന, യുകെ എന്നിവയാണു മറ്റു രാജ്യങ്ങൾ.

ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടുന്ന സംഭവമാണ് ഇതെന്നും അരിഹന്തിനു പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആണവായുധങ്ങളുടെ പേരു പറഞ്ഞ് ‘ബ്ലാക്ക്മെയ്‌ലിങ്’ നടത്തുന്നവർക്കുള്ള ഉചിതമായ മറുപടിയാണ് അരിഹന്തെന്നും മോദി വ്യക്തമാക്കി. സമാധാനത്തിന്റെ രാജ്യമാണ് ഇന്ത്യ. ഏകതയുടെ മൂല്യമാണ് നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുന്നത്. സമാധാനം ഇന്ത്യയുടെ ശക്തിയാണ്, ദൗർബല്യമല്ല. ഇന്ത്യയിലെ 130 കോടി ജനങ്ങൾക്കു വിദേശ ശക്തികളുടെ ഭീഷണികളിൽനിന്നു സംരക്ഷണം ഉറപ്പാക്കുന്നതാണ് അരിഹന്തെന്നും മോദി ട്വീറ്റ് ചെയ്തു.

ന്യൂക്ലിയർ കമാൻഡ് അതോറിറ്റിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു അരിഹന്തിന്റെ നിർമാണം. മൂന്നു ദശാബ്ദം കൊണ്ടാണ് 6000 ടൺ ഭാരമുള്ള ഈ മുങ്ങിക്കപ്പൽ വികസിപ്പിച്ചെടുത്തത്. കടലിൽ എവിടെ നിന്നുവേണെങ്കിലും കരയിലേക്കു ബാലിസ്റ്റിക് മിസൈലുകൾ തൊടുക്കാമെന്നതാണ് അരിഹന്തിന്റെ പ്രത്യേകത. നിരീക്ഷണ സംവിധാനങ്ങൾക്കു പിടികൊടുക്കാതെ ഏറെ നേരത്തേക്ക് ‘ഒളിച്ചിരിക്കാനും’ സാധിക്കും. ശത്രുരാജ്യത്തിന്റെ തീരമേഖലയിലേക്ക് ആരും അറിയാതെ കടന്നു ചെല്ലാനും ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിക്കാനും അരിഹന്തിനു ശേഷിയുണ്ട്. കരയിൽനിന്നു വിക്ഷേപിക്കാനാകുന്ന ഷോർട്ട്–റേഞ്ച് ബാലിസ്റ്റിക് മിസൈലുകളെക്കാൾ ഫലപ്രദമാണിത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed