ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം : പുനഃപരിശോധന ആവശ്യപ്പെട്ട് കേന്ദ്രം
ന്യുഡൽഹി : സുപ്രീംകോടതിയിൽ പുതിയ ജഡ്ജിയായി കൊളീജിയം നിർദ്ദേശിച്ച ജസ്റ്റിസ് കെ.എം ജോസഫിന്റെ കാര്യത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. സീനിയോറിറ്റി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടുതൽ വ്യക്തത തേടിയാണ് ഫയൽ മടക്കിയത്. കെ.എം ജോസഫിനെക്കാൾ യോഗ്യരായവരെ പരിഗണിച്ചില്ലെന്നാണ് കേന്ദ്ര സർക്കാറിന്റെ പരാതി. ജസ്റ്റീസ് ജോസഫിന് വേണ്ടിയുള്ള ശുപാർശ സീനിയോരിറ്റിയും യോഗ്യതയും പ്രദേശിക പ്രാതിനിധ്യ തത്വം പാലിക്കാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിർദേശം നൽകിയത്. നിലവിൽ കേരളത്തിൽ നിന്നും ഒരു ജഡ്ജി സുപ്രീംകോടതിയിൽ ഉണ്ടെന്നും മറ്റൊരാൾ കൂടി വരുന്നത് പ്രദേശിക പ്രാതിനിധ്യ തത്വത്തിന് വിഘാതമാകുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
ജഡ്ജിമാരായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയെയും മലയാളിയായ ഉത്തരാഖണ്ധ് ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെയുമാണ് കൊളീജിയം നിർദ്ദേശിച്ചത്. ഇതിൽ ഇന്ദു മൽഹോത്രയെ മാത്രം ജഡ്ജിയാക്കി നിയമിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കുകയായിരുന്നു. ഇതിനെതിരെ കൊളീജിയത്തിലെ ജഡ്ജിമാരടക്കം പ്രതിഷേധവുമായി രംഗത്തെത്തി.
2016ൽ ഉത്തരാഖണ്ധിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്ര വിജ്ഞാപണം ജസ്റ്റീസ് കെ.എം ജോസഫ് റദ്ദാക്കുകയും കോൺഗ്രസ് സർക്കാരിനെ അധികാരത്തിൽ തുടരാൻ അനുവദിക്കുകയും ചെയ്തിരുന്നു. ഈ വിധി വന്ന് ഒരു മാസത്തിനു ശേഷം ജസ്റ്റീസ് ജോസഫിനെ ആന്ധ്രാപ്രദേശ്, തെലങ്കാന സംയുക്ത ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിക്കാൻ കൊളീജിയം ശിപാർശ ചെയ്തുവെങ്കിലും നിയമനം കേന്ദ്രസർക്കാർ നടത്തിയിരുന്നില്ല.
അതേസമയം ഇന്ദു മൽഹോത്രയെ നിയമിച്ചത് േസ്റ്റ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ബാർ അസോസിയേഷൻ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തള്ളി. നിയമനം േസ്റ്റ ചെയ്യുകയെന്നത് ചിന്തിക്കാൻ പോലും ആകില്ലെന്നും ഇത്തരത്തിലൊന്ന് മുന്പ് കേട്ടിട്ടുപോലുമില്ലെന്നും ഹർജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു. നൂറോളം സുപ്രീംകോടതി അഭിഭാഷകരാണ് ഇന്ദു മൽഹോത്രയുടെ നിയമനത്തെ ചോദ്യം ചെയ്ത് കൊണ്ട് ഹർജിയുമായി രംഗത്തെത്തിയത്. ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം അംഗീകരിക്കാത്ത കേന്ദ്രസർക്കാർ നടപടി നിയമവ്യവസ്ഥയോടുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് മുതിർന്ന് അഭിഭാഷകരായ ഇന്ദ്രാ ജെയ്സിംഗ്, സിയു സിംഗ്, വികാസ് സിംഗ എന്നിവർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുന്നതുവരെ ഇന്ദു മൽഹോത്രയുടെ നിയമനം മരവിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ കേന്ദ്രസർക്കാരിന് ശുപാർശ തിരിച്ചയക്കാൻ അധികാരമുണ്ടെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് അത് പരിശോധിക്കുമെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.
സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യവെ ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ അഭിഭാഷകയാണ് ഇന്ദു മൽഹോത്ര. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്ന ഒ.പി. മൽഹോത്രയുടെ മകളാണ് ഇന്ദു. 2007−ലാണ് സുപ്രീംകോടതിയിൽ സീനിയർ അഭിഭാഷകപദവി ലഭിച്ചത്.
