പുലിറ്റ്സർ ഇന്ത്യയിലേക്ക്
വാഷിംഗ്ടൺ : പത്രപ്രവർത്തനത്തിനുള്ള അമേരിക്കയിലെ ഏറ്റവും വലിയ പുരസ്കാരമായ പുലിറ്റ്സർ സമ്മാനം ആദ്യമായി ഇന്ത്യയിലേക്ക്. റോഹിങ്ക്യൻ അഭയാർത്ഥികളുടെ ദുരിതജീവിതം പകർത്തിയ റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ ഡാനിഷ് സിദ്ദിഖി, അഡ്നാൻ അബിദി എന്നീ രണ്ട് ഇന്ത്യൻ ഫോട്ടോഗ്രഫർമാരാണ് പുരസ്കാരത്തിന് അർഹരായത്. ബംഗ്ലദേശ് തീരത്ത് ബോട്ടിൽ വന്നിറങ്ങിയ റോഹിങ്ക്യൻ അഭയാർത്ഥി, കുട്ടിയെ കയ്യിൽ തൂക്കിയെടുത്ത് കരയിലേക്ക് നീങ്ങുന്ന 2017 സപ്റ്റംബറിൽ പ്രസിദ്ധീകരിച്ച ചിത്രമാണ് ഡാനിഷ് സിദ്ദിഖിക്ക് പുലിറ്റ്സർ നേടിക്കൊടുത്തത്. ഫീച്ചർ ഫോട്ടോഗ്രഫി വിഭാഗത്തിൽ റോയിട്ടേഴ്സിന്റെ സംഘത്തിനാണ് പുരസ്കാരം. സംഘത്തിൽ അംഗങ്ങളാണ് ഡാനിഷും അബിദിയും. മ്യാൻമറിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ നെഞ്ചിൽ വെടിയേറ്റതിന്റെ പാടുമായി ഏഴ് വയസ്സുകാരനായ റോഹിങ്ക്യൻ അഭയാർത്ഥിയുടെ 2017 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച ചിത്രമാണ് അഡ്നാൻ അബിദിക്ക് പുലിറ്റ്സർ നേടിക്കൊടുത്തത്.
രാജ്യാന്തര റിപ്പോർട്ടിംഗിനുള്ള അവാർഡും റോയിട്ടേഴ്സിനാണ്. ഫിലിപ്പീൻസിൽ പ്രസിഡണ്ട് റോഡീഗ്രോ ഡ്യൂടേർട് ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി തുടങ്ങിയ പോലീസ് സംഘങ്ങളുടെ ക്രൂരതകൾ വെളിപ്പെടുത്തിയതിനും റോഹിങ്ക്യ പ്രതിസന്ധിയുടെ ചിത്രപരന്പരയ്ക്കും ചേർത്താണ് പുരസ്കാരം. ക്ലെയർ ബാൾഡ്‍വിൻ, ആൻഡ്രു ആർസി മാർഷൽ, മാന്വൽ മൊഗാട്ടോ എന്നീ ലേഖകരാണ് ഫിലിപ്പീൻസിൽനിന്നു റിപ്പോർട്ട് ചെയ്തത്.
പത്രപ്രവർത്തനം, സാഹിത്യം, സംഗീതം എന്നീ മേഖലകളിലെ 21 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ. പൊതുസേവനത്തിനുള്ള അവാർഡ് അമേരിക്കയിലെ അതിസന്പന്നരുടെയും വൻകിടക്കാരുടെയും സ്ത്രീപീഡനങ്ങൾ പുറത്തുകൊണ്ടുവന്നതിന് ന്യൂയോർക്ക് ടൈംസും ന്യൂയോർക്കറും നേടി.
ചലച്ചിത്ര നിർമ്മാതാവ് ഹാർവി വെയ്ൻെസ്റ്റയ്ൻ നടിമാരെ പീഡിപ്പിച്ചതിന്റെ വെളിപ്പെടുത്തലുമായി ആരംഭിച്ച ടൈംസിന്റെ ജോജി കാന്റർ, മെഗാൻ ടുഹേ, ന്യൂയോർക്കറിന്റെ റോണൻ ഫാരോ എന്നിവരുടെ റിപ്പോർട്ടുകൾ പിന്നീട് ലോകമെങ്ങും തരംഗമായ ‘മീ ടൂ’ (#MeToo) പ്രചാരണത്തിന് കാരണമായി. വാഷിംഗ്ടൺ പോസ്റ്റ് യു.എസ്സിലെ അലബാമയിലെ സെനറ്റ് സ്ഥാനാർത്ഥി റോയ് മൂറിന്റെ സ്ത്രീപീഡന കഥകൾ പുറത്തുകൊണ്ടുവന്നതിന് അന്വേഷണാത്മക റിപ്പോർട്ടിംഗിനുള്ള അവാർഡ് നേടി. റയാൻ കെല്ലി (ഡെയ്‍ലി പ്രോഗ്രസ് ദിനപത്രം) യു.എസ്സിൽ വംശീയ വിരുദ്ധ റാലിയിലേക്ക് വാഹനം ഇടിച്ച് കയറിയപ്പോൾ ആളുകൾ തെറിച്ചു പോകുന്ന ചിത്രത്തിന് ബ്രേക്കിംഗ് ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള അവാർഡ് നേടി.
കഥാസാഹിത്യം വിഭാഗത്തിൽ ഷോൺ ഗ്രീറിന്റെ ‘ലെസ്’ എന്ന നോവൽ അവാർഡ് നേടി. ജാക്ക് ഇ ഡേവിസിന്റെ ‘ദ് ഗൾഫ്: ദ് മെയ്ക്കിംഗ് ഓഫ് ആൻ അമേരിക്കൻ സീ’ ചരിത്രത്തിനുള്ള പുലിറ്റ്സർ ബഹുമതിക്ക് അർഹമായി. മാർട്ടൈൻ മജോക്കിന്റെ ‘കോസ്റ്റ് ഓഫ് ലിവിംഗ്’ഏറ്റവും നല്ല നാടകത്തിനുള്ള അവാർഡും നേടി.



