ബി.ജെ.പി ഉപവാസത്തിൽ സാൻഡ്‌വിച്ചും ചിപ്സും കഴിച്ച് എം.എൽ.എമാർ
പൂന : പാർലമെന്‍റ് സ്തംഭനത്തിൽ പ്രതിഷേധിച്ച് ഉപവാസം നടത്തുന്നതിനിടെ ബി.ജെ.പി എം.എൽ.എമാർ സാൻഡ്‌വിച്ചും ചിപ്സും കഴിക്കുന്നതിന്‍റെ വീഡിയോ വൈറലാകുന്നു. മഹാരാഷ്ട്ര മന്ത്രി ഗിരീഷ് ബാപത് പൂന കൗൺസിൽ ഹാളിൽ വിളിച്ചു ചേർത്ത ഔദ്യോഗിക യോഗത്തിലാണ് എം.എൽ.എമാർ ഉപവാസം മറന്ന് ഭക്ഷണം കഴിച്ചത്.
എം.എൽ.എമാരായ ഭീംറാവു താപ്കിർ, സഞ്ജയ് ഭെഗഡെ എന്നിവരാണ് സാൻഡ്‌വിച്ചും ചിപ്സും യോഗത്തിനിടെ അകത്താക്കിയത്. നേരത്തെ ഉപവാസത്തിനിടെ തെറ്റുപറ്റിയതായുളള മറ്റൊരു ബി.ജെ.പി എം.എൽ.എയുടെ കുറ്റസമ്മതം പുറത്തുവന്നിരുന്നു.
ഉപവാസത്തിനിടെ കശുവണ്ടി കഴിച്ചതായി ഉത്തരാഖണ്ധിലെ ബി.ജെ.പി നേതാവ് ഹരാക് സിംഗ് റാവത്ത് കുറ്റസമ്മതം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉപവാസസമരത്തിനിടെ കോൺഗ്രസ് നേതാക്കൾ ഭക്ഷണം കഴിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു.
സംഭവത്തിൽ മോദി ഉൾപ്പെടെയുള്ള നേതാക്കൾ കോൺഗ്രസിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പാർട്ടി നടത്തുന്ന ഉപവാസത്തിൽ നേതാക്കൾ ഭക്ഷണം കഴിക്കരുതെന്ന് ബി.ജെ.പി നേതൃത്വം കർശന നിർദേശം നൽകിയിരുന്നു.

