തിരഞ്ഞെടുപ്പുകളേക്കാൾ വലുത് ജനങ്ങളാണെന്ന് മോദിയോട് കമൽഹാസൻ
ചെന്നൈ : കാവേരി നദീജല വിഷയത്തിൽ തമിഴ്നാടിന് നീതി നൽകണമെന്ന് പ്രധാനമന്ത്രിയോട് നടനും മക്കൾ നീതി മയ്യം പാർട്ടി നേതാവുമായ കമൽഹാസന്റെ അഭ്യർത്ഥന. വീഡിയോ സന്ദേശത്തിലൂടെയാണ് അഭ്യർത്ഥനയുമായി കമൽഹാസൻ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പുകളേക്കാൾ വലുത് ജനങ്ങളാണെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ കൂട്ടിച്ചേർത്തു.
കാവേരി വിഷയത്തിൽ തീരുമാനമെടുക്കാൻ വൈകുന്നത് മേയ് 12ന് നടക്കാനിരിക്കുന്ന കർണാടക തിരഞ്ഞെടുപ്പ് മൂലമാണെന്നാണ് തമിഴ്നാട്ടിലെ ജനങ്ങളുടെ വിശ്വാസം. ഈ വിശ്വാസം തിരുത്തണമെന്നാണ് എന്റെ ആഗ്രഹം. തിരഞ്ഞെടുപ്പുകളേക്കാൾ പ്രാധാന്യം നൽകേണ്ടത് ജനങ്ങൾക്കാണ് − കമൽഹാസൻ പറഞ്ഞു.
കാവേരി വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ രൂപപ്പെട്ട പ്രതിഷേധങ്ങളെ കുറിച്ചും താങ്കൾ പൂർണ ബോധവാനാണെന്ന് എനിക്ക് ഉറപ്പുണ്ട്. തമിഴ്നാടിനും കർണാടകയ്ക്കും നീതി ലഭ്യമാക്കാനും സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കാനും കമൽഹാസൻ പ്രധാനമന്ത്രിയോട് വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
അതേസമയം, കാവേരി നദീജലവുമായി ബന്ധപ്പെട്ട പ്രക്ഷോഭം ശക്തമായിരിക്കെ തമിഴ്നാട്ടിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യത്യസ്ത രീതിയിലാണ് പ്രതിപക്ഷ കക്ഷികൾ സ്വീകരിച്ചത്. കറുത്ത കൊടികളും മോദി തിരിച്ചു പോവുക എന്നെഴുതിയ ബലൂണുകളും സഹിതമാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. പ്രതിരോധ മന്ത്രാലയത്തിന്റെ ഉന്നത െസെനിക പ്രദർശനമായ ഡിഫൻസ് എക്സ്പോ 2018ൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

