യുപി അക്രമങ്ങളുടെ മുഖ്യസൂത്രധാരൻ ബിഎസ്പി നേതാവെന്ന് പോലീസ്
ന്യൂഡൽഹി: ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ ഉത്തർപ്രദേശിന്റെ വിവിധഭാഗങ്ങളിലുണ്ടായ അക്രമങ്ങളുടെ മുഖ്യസൂത്രധാരൻ ബി.എസ്.പിയുടെ മുൻ എം.എൽ.എ യോഗേഷ് വർമ്മയാണെന്ന് ഉത്തർ പ്രദേശ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് യോഗേഷ് വർമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണങ്ങളുടെ മുഖ്യസൂത്രധാരൻ യോഗേഷ് വർമ്മയാണെന്ന് മീററ്റിൽ നിന്നുള്ള എസ്.എസ്.പി മൻസിൽ സൈനി വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
ഭാരത് ബന്ദിൽ, യു.പിയിൽ രണ്ടുപേർ കൊല്ലപ്പെടുകയും 75 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരാൾ മീററ്റിലും മറ്റൊരാൾ മുസാഫർ നഗറിലുമാണ് കൊല്ലപ്പെട്ടത്. 45 പോലീസുകാർക്കും പരിക്കേറ്റിരുന്നു. ദളിത് സംഘടനകളുടെ ശക്തമായ പ്രതിഷേധമായിരുന്നു മീററ്റ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നടന്നത്. പലയിടത്തും പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. മീററ്റിൽ മാത്രം 200 ദ്രുതകർമ സേനാംഗങ്ങളെയാണ് വിന്യസിച്ചിരുന്നത്. ആഗ്രയിലേക്കും ഹാപുറിലേക്കും ദ്രുതകർമ സേനാംഗങ്ങളെ അയച്ചിരുന്നു. ബന്ദുമായി ബന്ധപ്പെട്ട് യോഗേഷ് ഉൾപ്പെടെ 200 പേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ഇവർക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്നും സൈനി അറിയിച്ചു. ഹസ്തിന്പുർ മണ്ധലത്തെയാണ് സംസ്ഥാന നിയമസഭയിൽ യോഗേഷ് പ്രതിനിധീകരിച്ചിരുന്നത്. പട്ടികജാതി−പട്ടിക വർഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകൾ ലഘൂകരിച്ച സുപ്രീം കോടതി വിധിക്കെതിരെയാണ് ദളിത് സംഘടനകൾ ഭാരത് ബന്ദ് ആഹ്വാനം ചെയ്തത്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ബന്ദ് അക്രമാസക്തമാവുകയും ഒന്പത് പേർ കൊല്ലപ്പെടുകയും ചെയ്തു.

