ഇൻഡിഗോ വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിച്ചു
ഹൈദരാബാദ് : വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ ചക്രം പൊട്ടിത്തെറിച്ചു. 77 പേരുമായി തിരുപ്പതിയിൽനിന്ന് ഹൈദരാബാദ് വിമാനത്താവളത്തിൽ ഇറങ്ങുകയായിരുന്ന വിമാനമാണ് വൻ ദുരന്തത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഇൻഡിഗോ അധികൃതർ വ്യക്തമാക്കി.
ബുധനാഴ്ച രാത്രി 11.25ന് ആണ് സംഭവം. 73 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. നടിയും വൈ.എസ്.ആർ കോൺഗ്രസ് എം.എൽ.എയുമായ റോജയും വിമാനത്തിലുണ്ടായിരുന്നു. പൊട്ടിത്തെറി ഉണ്ടായ ഉടൻ തന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.
സ്‌ഫോടനത്തെ തുടർന്ന് വിമാനം റൺേവയിൽ നിലച്ചുപോയതിനാൽ ഏതാനും വിമാനങ്ങൾ ബെംഗളൂരു, ചെന്നൈ വഴിതിരിച്ചുവിട്ടു. റൺേവ ഏതാനും മണിക്കൂറുകൾ അടച്ചിട്ടതായും വിമാനത്താവള അധികൃതർ അറിയിച്ചു. ബുധനാഴ്ച വിജയവാഡയിൽ ഒരു ഇൻഡിഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയിരുന്നു. ബെംഗളൂരുവിൽ നിന്ന് വിജയവാഡയിൽ ഇറങ്ങുന്നതിനിടെയാണ് സംഭവം.

