മുംബൈ­ നഗരത്തിൽ‍ റെ­ക്കോ­ർ­ഡ് താ­പനി­ല


മുംബൈ : അപൂർ‍വ്വമായ ഉഷ്ണക്കാറ്റിനെ തുടർന്ന്  മുംബൈ നഗരത്തിൽ‍ റെക്കോർഡ് താപനില. ഞായറാഴ്ചയും തിങ്കളാഴ്ചയും ചൂട് 41 ഡിഗ്രി സെൽ‍ഷ്യസ് വരെയെത്തി. മുംബൈ സാന്താക്രൂസിലാണ് തിങ്കളാഴ്ച 41 ഡിഗ്രി ചൂട് അനുഭവപ്പെട്ടത്. കൊളാബയിൽ‍ 38 ഡിഗ്രി. ഒരു ദശകത്തിനിടെ മാർ‍ച്ച് മാസത്തിൽ‍ മുംബൈയിൽ‍ അനുഭവപ്പെടുന്ന ഏറ്റവുമുയർ‍ന്ന രണ്ടാമത്തെ താപനിലയാണിത്.  2011 മാർ‍ച്ച് 17−ന് ആണ് ഈ ദശകത്തിലെ ഏറ്റവുമുയർ‍ന്ന ചൂടുണ്ടായത്. 41.3 ഡിഗ്രി സെൽ‍ഷ്യസ് ആയിരുന്നു അന്നത്തെ താപനില. കഴിഞ്ഞയാഴ്ച ശരാശരി 33 ഡിഗ്രി ചൂട് അനുഭവപ്പെട്ട സ്ഥാനത്തുനിന്നാണ് രണ്ട് ദിവസം കൊണ്ട് താപനില കുതിച്ചുയർ‍ന്നത്. മുംബൈയിൽ‍ മാർ‍ച്ച് മാസത്തിലെ ശരാശരി ഉയർ‍ന്ന ചൂട് 32.8 ഡിഗ്രിയാണ്. ഇതിലും 8.2 ഡിഗ്രി കൂടുതലാണ് ഇപ്പോൾ‍. 1956 മാർ‍ച്ച് 28−നാണ് മുംബൈയിൽ‍ മാർ‍ച്ച് മാസത്തിൽ‍ ഏറ്റവും ചൂട് രേഖപ്പെടുത്തിയത്. 41.7 ഡിഗ്രി സെൽ‍ഷ്യസ് ആയിരുന്നു അന്നത്തെ ഉയർ‍ന്ന താപനില. 

അന്തരീക്ഷ മർദ്ദം കൂടുകയും ചൂടുകാറ്റ് താഴേക്ക് ഇറങ്ങിവരികയും ചെയ്യുന്ന പ്രതിഭാസം കാരണമാണ് പൊടുന്നനെ ചൂട് കൂടിയതെന്ന് മുംബൈ റീജണൽ‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ‍ ജനറൽ‍ കെ.എസ്. ഹൊസാലികർ‍ പറഞ്ഞു. കടലിൽ‍ ചുഴലിക്കാറ്റ് രൂപപ്പെടുന്ന ന്യൂനമർദ്‍ദത്തിന് വിപരീതമായ പ്രതിഭാസമാണ് കരയിലെ അതിമർദ്‍ദം. ഗുജറാത്തിനും രാജസ്ഥാനും മുകളിലുള്ള ചൂടുവായു സമീപപ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് മുംബൈയിൽ‍ ചൂട് കൂടിയത്. ഏപ്രിൽ‍, മെയ് മാസങ്ങളിൽ‍ ഉത്തരേന്ത്യയിൽ‍ ഇത്തരം ഉഷ്ണവാതം പതിവാണെങ്കിലും മാർ‍ച്ചിൽ‍ ഇത് അപൂർ‍വ്വമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. മുംബൈയിലും പരിസരങ്ങളിലും ഇന്ന് താപനില 41 ഡിഗ്രി സെൽ‍ഷ്യസ് വരെ എത്താമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിച്ചിരുന്നു. നാളെ ഇത് 39 ഡിഗ്രിയായി കുറയും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed