പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം തടയാൻ മൂന്ന് അണക്കെട്ടുകൾ നിർമ്മിക്കും
റോഹ്തക് : ഇന്ത്യൻ നദികളിൽ നിന്നുള്ള ജലം പാകിസ്ഥാനിലേക്ക് ഒഴുകുന്നത് തടയാൻ അണക്കെട്ടുകൾ നിർമ്മിക്കുമെന്ന് കേന്ദ്രം. മൂന്ന് നദികളിൽനിന്നുള്ള ജലമാണ് ഇന്ത്യയിൽനിന്ന് പാകിസ്ഥാനിലേക്ക് ഒഴുകുന്നത്. 1960ൽഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒപ്പുവെച്ച ഇൻഡസ് വാട്ടർട്രീറ്റി അനുസരിച്ച് മൂന്ന് നദികളിൽനിന്നുള്ള ജലം ഇരുരാജ്യത്തിനും പങ്കിട്ടെടുക്കാവുന്നതാണ്. എന്നാൽ, നദീജലം കാര്യക്ഷമമായി വിനിയോഗിക്കാത്തതിനാൽ ഇന്ത്യക്ക് അവകാശപ്പെട്ട ജലവും ഇപ്പോൾ പാകിസ്ഥാനാണ് ഉപയോഗിക്കുന്നത്. ഇതേത്തുടർന്ന് ഉത്തരാഖണ്ധിൽ മൂന്ന് അണക്കെട്ടുകൾ നിർമ്മിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.
സംഭരിക്കുന്ന ജലം പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് കൃഷിയിടങ്ങൾക്കായി നൽകും. യമുനയിലൂടെയാവും ഹരിയാനയിലേക്ക് ജലമെത്തിക്കുക. ഉപയോഗശൂന്യമായി സമുദ്രങ്ങളിലേക്ക് ജലമൊഴുകുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താൻ നിരവധി പദ്ധതികൾസർക്കാർ ആസൂത്രണം ചെയ്തു വരികയാണെന്നും നിതിന്‍ഗഡ്കരി പറഞ്ഞു.
ഇൻഡസ് വാട്ടർട്രീറ്റിയുമായി ബന്ധപ്പെട്ട ഈ പ്രശ്നം പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നതാണെന്നും പ്രശ്നപരിഹാരത്തിനാണ് ഇപ്പോൾ സാധ്യത തെളിഞ്ഞിരിക്കുന്നതെന്നും ഹരിയാന കൃഷിമന്ത്രി ഓം പ്രകാശ് ധാങ്കർ അഭിപ്രായപ്പെട്ടു.

