ലൈംഗികയ്ക്കുള്ള കരാറായി വിവാഹത്തെ കാണാനാവില്ലെന്ന് ഡൽഹി കുടുംബ കോടതി
ന്യൂഡൽഹി : ലൈംഗിക ആനന്ദത്തിനുള്ള നിയമപരമായ കരാറായി വിവാഹബന്ധത്തെ കാണാനാവില്ലെന്നു ഡൽഹി കുടുംബ കോടതി. ഭാര്യയുടെ സമ്മതമോ അനുവാദമോ ഇല്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെടാനും ഭാര്യയ്ക്കു മേൽ അധികാരം സ്ഥാപിക്കാനുമുള്ള അവകാശം വിവാഹബന്ധം പുരുഷനു നൽകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
തനിക്കെതിരെ ക്രൂരമായി പെരുമാറിയെന്നു കാണിച്ച് ഭാര്യയിൽ നിന്നു വിവാഹമോചനം ആവശ്യപ്പെട്ടു ഭർത്താവ് സമർപ്പിച്ച ഹർജി തള്ളിയാണു കോടതിയുടെ നിരീക്ഷണം. ഭർത്താവ് തന്നെ നിർബന്ധിത പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനു വിധേയയാക്കിയെന്ന ഭാര്യയുടെ മൊഴി പരിഗണിച്ചാണ്, വിവാഹബന്ധത്തിലെ പുരുഷ മേധാവിത്വത്തിനെതിരായ കോടതിയുടെ പരാമർശം.
പങ്കാളിയുടെ അനുവാദമില്ലാത്ത ബലമായ ലൈംഗിക വേഴ്ച ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള ക്രിമിനൽ കുറ്റമല്ലെങ്കിലും അത് മാനസിക ക്രൂരത അടിച്ചേൽപിക്കുന്നതും പങ്കാളിയുടെ ജീവിക്കാനുള്ള അവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ലംഘനവുമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

