ആധാർകാർഡ് ഇല്ലെങ്കിൽ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് ആധാർ അതോറിറ്റി
ന്യൂഡൽഹി : ആധാർകാർഡ് ഇല്ലെന്ന കാരണത്താൽ അവശ്യസേവനങ്ങളോ ആനുകൂല്യങ്ങളോ നിഷേധിക്കരുതെന്ന് ആധാർ അതോറിറ്റി. മെഡിക്കൽ സേവനം, സ്കൂൾപ്രവേശനം, പൊതുവിതരണ സന്പ്രദായം തുടങ്ങിയ കാര്യങ്ങളിൽ ആധാർ നിർബന്ധമല്ലെന്ന് അതോറിറ്റി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു.
എല്ലാ സർക്കാർവകുപ്പുകളും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്. കഴിഞ്ഞവർഷം ഒക്ടോബർ 24−ന് ഇതുസംബന്ധിച്ച് ആധാർ അതോറിറ്റി സർക്കുലർ പുറപ്പെടുവിച്ചിരുന്നെങ്കിലും അതിനുശേഷവും പരാതികൾ ഉയർന്നുകേട്ടു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യം ആവർത്തിച്ചത്.
സേവനങ്ങളോ ആനുകൂല്യങ്ങളോ നിഷേധിക്കപ്പെട്ടാൽ ബന്ധപ്പെട്ട ഏജൻസികൾ അത് അന്വേഷിക്കണമെന്നും കർശന നടപടികൾ സ്വീകരിക്കണമെന്നും കുറിപ്പിൽ പറയുന്നു.
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ഇക്കാര്യം വ്യക്തമാക്കി അതോറിറ്റി കുറിപ്പയച്ചിട്ടുണ്ട്.

