ഷാർജയിൽ പ്രവാസി കൊല്ലപ്പെട്ട നിലയിൽ: മൃതദേഹം കാറിന്റെ ബൂട്ടിൽ ഒമ്പത് കഷണങ്ങളാക്കി


ശാരിക

കർണാടക ഉഡുപ്പി ജില്ലയിലെ കുന്ദാപുര സ്വദേശിയായ അൽവിൻ എന്ന പ്രവാസി ഷാർജയിൽ കൊല്ലപ്പെട്ടതായി കുടുംബം ആരോപിച്ചു. ജൂലൈയിൽ കാണാതായ അൽവിന്റെ മൃതദേഹം ഓഗസ്റ്റ് 12-ന് കാറിന്റെ ഡിക്കിയിൽ ഒമ്പത് കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തിയെന്ന് സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. അൽവിൻ ജൂലൈ 20-ഓടെയാണ് അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്. തുടർന്ന് അദ്ദേഹത്തിന്റെ ഫോണിൽ നിന്ന് അസുഖമാണെന്നും വിശ്രമിക്കുകയാണെന്നും അറിയിച്ചുള്ള സന്ദേശങ്ങൾ ലഭിച്ചു. എന്നാൽ സാധാരണയായി വോയ്സ് മെസേജുകളിലൂടെയാണ് അൽവിൻ കുടുംബവുമായി ആശയവിനിമയം നടത്തിയിരുന്നതെന്നും ടൈപ്പ് ചെയ്ത് സന്ദേശങ്ങൾ അയക്കാറില്ലെന്നും സഹോദരൻ പറഞ്ഞു. ഫോൺ വിളിക്കാൻ ആവശ്യപ്പെട്ടെങ്കിലും പിന്നീട് പ്രതികരണമൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് കുടുംബം ഷാർജയിലുള്ള അൽവിന്റെ സഹപാഠിയെ ബന്ധപ്പെട്ടിരുന്നു. കമ്പനി നൽകിയിരുന്ന താമസസ്ഥലത്തെത്തിയ സഹപാഠിയോട്, അൽവിൻ ഇന്ത്യയിലേക്ക് പോയെന്ന് വാച്ച്മാൻ പറഞ്ഞെന്നാണ് കുടുംബം പറയുന്നത്.

കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ് വിഭാഗവും ആദ്യം അൽവിൻ ഇന്ത്യയിലേക്ക് പോയതായി കുടുംബത്തെ അറിയിച്ചതായി സഹോദരൻ പറഞ്ഞു. എന്നാൽ അൽവിൻ ഇന്ത്യയിലെത്തിയിട്ടില്ലെന്ന് കുടുംബം വ്യക്തമാക്കിയതോടെ പാസ്‌പോർട്ട് രേഖകൾ പരിശോധിക്കുകയും അൽവിൻ യു.എ.ഇയിൽ തന്നെയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഷാർജ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

ഓഗസ്റ്റ് 12-ന് ഒമാൻ റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ അൽവിന്റെ ടൊയോട്ട കാറിന്റെ ബൂട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് കുടുംബം പറയുന്നത്. നെഞ്ചിൽ കുത്തേറ്റിരുന്നെന്നും മൃതദേഹം ഒൻപത് കഷണങ്ങളാക്കി രണ്ട് ബാഗുകളിലാക്കി സൂക്ഷിച്ചിരുന്നെന്നും കുടുംബം ആരോപിച്ചു. അൽവിന്റെ മകന്റെ ഡി.എൻ.എ സാമ്പിൾ ഉപയോഗിച്ചുള്ള പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്നും കുടുംബം അറിയിച്ചു. അതേസമയം അൽവിന്റെ ഭാര്യയെയും മകനെയും ബന്ധപ്പെടാനാകുന്നില്ലെന്നും കുടുംബം ആരോപിച്ചു. ഇവർ യു.എ.ഇയിലുണ്ടായിരുന്നുവെങ്കിലും നിലവിൽ ഇവരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കുടുംബം ഉഡുപ്പി ടൗൺ പൊലീസ് സ്റ്റേഷനിലും പരാതി നൽകുമെന്ന് അറിയിച്ചു.

അതേസമയം ഷാർജയിൽ ഉഡുപ്പി സ്വദേശിയായ ഒരാൾ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകൾ പ്രാദേശിക, സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഷാർജ പൊലീസിൽ നിന്നോ യു.എ.ഇയിലെ ഇന്ത്യൻ എംബസിയിൽ നിന്നോ സംഭവവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരമോ സ്ഥിരീകരണമോ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഉഡുപ്പി പൊലീസ് അറിയിച്ചു.

article-image

dsadsdsadas

You might also like

  • Lulu Exchange
  • Straight Forward

Most Viewed