ഡൽഹിയിൽ അർധരാത്രിയിലെ ബുൾഡോസർ രാജ്: മദീന മസ്ജിദും വീടുകളും തകർത്തു, വൻ പ്രതിഷേധം


ശാരിക

ഡൽഹി ഷാലിമാർ ബാഗിൽ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ പേരിൽ മുസ്‌ലിം പള്ളിയുടെ ഒരുഭാഗം പൊളിച്ചുനീക്കിയതിൽ വ്യാപക പ്രതിഷേധം ഉയർന്നു. മാക്സ് ഹോസ്പിറ്റൽ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് അർധരാത്രി മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ റോഡരികിലെ കെട്ടിടങ്ങളും വീടുകളും പൊളിച്ചുനീക്കിയത്. അനധികൃത കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

റോഡരികിലെ മദീന മസ്ജിദിന്റെ ഒരുഭാഗവും ഇത്തരത്തിൽ പൊളിച്ചുനീക്കി. വിവരമറിഞ്ഞ എ.ഐ.എം.ഐ.എം ഡൽഹി പ്രസിഡന്റ് ശുഐബ് ജമായിയും പ്രദേശവാസികളും ഷാലിമാർ ബാഗിലെത്തിയത് പ്രതിഷേധത്തിനിടയാക്കി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചതെന്നാണ് ഡൽഹി കോർപറേഷൻ അധികൃതർ പറയുന്നത്. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മദീന മസ്ജിദ് ഇമാമിന് മൂന്നു തവണ നോട്ടീസ് നൽകിയിരുന്നുവെന്നും 15 ദിവസം കഴിഞ്ഞിട്ടും ഒഴിയാൻ തയാറാകാതെ വന്നതോടെയാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ പൊളിച്ചുനീക്കിയതെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുൻകൂട്ടി നോട്ടീസ് നൽകിയിട്ടില്ലെന്നാണ് പള്ളി അധികൃതർ പറയുന്നത്. മേയിലും ജൂണിലും പ്രദേശത്ത് സമാനരീതിയിൽ 150 വീടുകൾ പൊളിച്ചുനീക്കിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അർധരാത്രിയുടെ മറവിൽ മസ്ജിദ് പൊളിച്ചുനീക്കിയത് ഭരണഘടനവിരുദ്ധമാണെന്ന് ശുഐബ് ജമായി പ്രതികരിച്ചു. ഉത്തർപ്രദേശിലെ സഹാറൻപൂരിൽ പള്ളി പൊളിച്ചതിന് സമാനമായാണ് പുലർച്ചെ മൂന്ന് മണിക്ക് ഷാലിമാർ ബാഗിലും പള്ളി പൊളിച്ചതെന്നും, ഷാലിമാർ ബാഗിനെ രണ്ടാം സഹാറൻപൂർ ആക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പള്ളി ഇമാമിനെ കാണുന്നതിൽനിന്ന് പൊലീസും ഭരണകൂടവും തങ്ങളെ തടഞ്ഞതായും പള്ളി പൊളിക്കുന്നത് മുൻകൂട്ടി അറിയിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. മസ്ജിദിനുള്ളിലെ വസ്തുക്കൾ മാറ്റാനുള്ള സാവകാശം നൽകിയില്ലെന്നും പ്രദേശത്തേക്ക് ആളുകളെ കടത്തിവിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പള്ളികൾക്കും മദ്റസകൾക്കും എതിരെയുള്ള ബുൾഡോസർ നടപടികൾ ചർച്ച ചെയ്യാൻ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ഡൽഹിയിൽ ഇന്ന് യോഗം വിളിച്ചുചേർത്തിട്ടുണ്ട്. മൗലാന മഹ്മൂദ് മദനിയാണ് യോഗം വിളിച്ചത്. പള്ളികളും മദ്റസകളും പൊളിച്ചുനീക്കുന്ന നടപടികളിൽ വിവിധ മുസ്‌ലിം സംഘടനകൾ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. നിയമനടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും.

article-image

dsfsddsfdssd

You might also like

  • Lulu Exchange
  • Straight Forward

Most Viewed