റാഫേൽ ഇടപാടിൽ വൻ അഴിമതിയുണ്ടെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി : ഫ്രാൻസുമായി കേന്ദ്രസർക്കാർ നടത്തിയ റാഫേൽ ഇടപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തിരുത്തി എഴുതിയതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഒരു ബിസിനസുകാരന് വേണ്ടിയാണ് മോദി ഇത് ചെയ്തത്. റാഫേൽ കരാർ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ തയ്യാറാകാത്തത് അഴിമതി നടന്നതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
യുദ്ധോപകരണങ്ങൾ ഏറ്റുവാങ്ങുന്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാതെയാണ് 36 റാഫേൽ വിമാനങ്ങൾ വാങ്ങാൻ കേന്ദ്രം അനുമതി നൽകിയത്. ഇത്രയും യുദ്ധവിമാനങ്ങൾ വാങ്ങാൻ എത്ര രൂപ ചെലവായി എന്ന ചോദ്യത്തിന് പ്രതിരോധ മന്ത്രിക്ക് ഉത്തരമില്ല. ഇത് തന്നെ അഴിമതി നടന്നതിന് തെളിവാണ്. മോദി പാരീസിൽ നേരിട്ടെത്തിയാണ് ഈ കരാറിൽ ചില മാറ്റങ്ങൾ വരുത്തിയത്. ഇക്കാര്യങ്ങളെക്കുറിച്ച് രാജ്യത്തിന് അറിയാൻ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റാഫേൽ ഇടപാട് സംബന്ധിച്ച വാർത്തകൾ പ്രസിദ്ധീകരിക്കാൻ ഇന്ത്യയിലെ മാദ്ധ്യമങ്ങൾ തയ്യാറാകാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു. ചരിത്രത്തിൽ ആദ്യമായാണ് യുദ്ധവിമാനങ്ങൾ വാങ്ങാൻ ചെലവഴിച്ച പണത്തെക്കുറിച്ചുള്ള പാർലമെന്റിന്റെ ചോദ്യത്തിന് പ്രതിരോധമന്ത്രി പ്രതികരിക്കാൻ തയ്യാറാകാത്തത്. ഇതെന്ത് തരം ഭരണമാണ്. എന്തുകൊണ്ടാണ് ഇന്ത്യയിലെ മാദ്ധ്യമങ്ങൾ ഇതേക്കുറിച്ച് ചോദിക്കാത്തത്. ഇക്കാര്യത്തിൽ ഉന്നതതല സമ്മർദ്ദവും ഭീഷണികളും ഭയപ്പെടുത്തലുകളും മാദ്ധ്യമങ്ങളുടെ മേൽ ഉണ്ടാകുമെന്ന് തനിക്കറിയാം. എന്നാൽ ഇടയ്ക്കെങ്കിലും അൽപ്പം ധൈര്യം കാണിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.



