ജയലളിതയുടെ സഹോദരപുത്രി ദീപയ്‌ക്കെതിരേ പണം തട്ടിപ്പ് കേസ്
ചെന്നൈ : 80 ലക്ഷം രൂപയുടെ പണം തട്ടിപ്പുമായി ബദ്ധപ്പെട്ട് ജയലളിതയുടെ സഹോദരപുത്രി ദീപയ്‌ക്കെതിരേ കേസ്. ഇഞ്ചന്പാക്കത്തുള്ള വ്യവസായിയായ രാമചന്ദ്രന്റെ പരാതിയെത്തുടർന്ന് ചെന്നൈ സിറ്റി പോലീസ് കേസെടുത്തു. ജയലളിതയുടെ മരണത്തെത്തുടർന്ന് രാഷ്ട്രീയത്തിലിറങ്ങിയ ദീപ മന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. ഒരു തവണ 50 ലക്ഷം രൂപയും പിന്നീട് ബാക്കി തുക പലതവണകളായും വാങ്ങിയെന്നും പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും രാമചന്ദ്രൻ ആരോപിച്ചു. പുതിയ പാർട്ടിയുടെ കാഞ്ചീപുരം ജില്ലാ സെക്രട്ടറിയായി നിയമിക്കാമെന്നും പിന്നീട് മന്ത്രിയാക്കാമെന്നും ദീപ വാഗ്ദാനം ചെയ്തതായി രാമചന്ദ്രൻ പരാതിയിൽ ആരോപിച്ചു. ദീപയും ഭർത്താവ് മാധവനും ഡ്രൈവർ രാജയും ചേർന്നാണ് പണം തട്ടിയതെന്നും ഡ്രൈവർ രാജയുടെ സാന്നിധ്യത്തിലാണ് താൻ 50 ലക്ഷം രൂപ കൈമാറിയതെന്നും രാമചന്ദ്രൻ പറഞ്ഞു.
എം.ജി.ആർ അമ്മ ദീപ പേരവൈ സംഘടനയുണ്ടാക്കി രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച ദീപ ആർ.കെ നഗർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. ഒപ്പം നൽകേണ്ട സത്യവാങ്മൂലം അപൂർണമാണെന്ന് ചൂണ്ടിക്കാട്ടി പത്രിക വരണാധികാരി തള്ളി. പിന്നീട് പൊതുരംഗത്ത് അത്ര സജീവമല്ലാതിരുന്ന ദീപ തനിക്കെതിരേ ശശികലയുടെയും ദിനകരന്റെയും ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്നാരോപിച്ച് വീണ്ടും രംഗത്തുവന്നിരുന്നു.



