ബജറ്റ് അവതരണം രാവിലെ 11ന് : അരുൺ ജയ്റ്റ്ലി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി : ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി അരുൺ ജയ്റ്റ്ലി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. അടുത്ത വർഷം നടക്കേണ്ട പൊതു തിരഞ്ഞെടുപ്പിനു മുൻപു മോദി സർക്കാരിന്റെ അവസാന പൂർണ ബജറ്റാണ് രാവിലെ 11 നു ധനമന്ത്രി അവതരിപ്പിക്കുന്നത്. വികസനോന്മുഖവും ജനപ്രിയവുമാകും ബജറ്റെന്നാണു പൊതുവിലയിരുത്തൽ.
ആദായനികുതി ഇളവുകളിലാണു നികുതിദായകരുടെ പ്രതീക്ഷ. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലും ധനകാര്യ സർവേയിലുമുള്ള അനുകൂല സൂചനകളിൽ എല്ലാവരും പ്രതീക്ഷയർപ്പിക്കുന്നു.
നോട്ട് റദ്ദാക്കലിനു ശേഷം രണ്ടാം ബജറ്റാണിത്. ബജറ്റ് അവതരണ സമയത്തും നോട്ട് റദ്ദാക്കലിന്റെ പ്രത്യാഘാതങ്ങളിൽ രാജ്യം ഉഴലുകയായിരുന്നതിനാൽ, പരിഷ്കാരത്തിന്റെ സ്വാധീനം നിർണയിച്ചു തുടർനടപടികൾ പ്രഖ്യാപിക്കാനുള്ള സാവകാശം കഴിഞ്ഞ വർഷം ധനമന്ത്രിക്കു ലഭിച്ചിരുന്നില്ല.

