ഡൽഹിയിൽ രക്ഷിതാക്കൾക്ക് ഇനി സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങൾ തത്സമയം കാണാം
ന്യൂഡൽഹി: രക്ഷിതാക്കൾക്ക് ഇനി സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങൾ തത്സമയം കാണാം. ഡൽഹിയിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് സി.സി.ടി.വി ദൃശ്യങ്ങൾ തത്സമയം കാണാന്നുള്ള സ്വകര്യം ഒരുക്കും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ബുധനാഴ്ച പ്രഖ്യാപിച്ചതാണ് ഇക്കാര്യം. എല്ലാ സർക്കാർ സ്കൂളുകളിലും മൂന്ന് മാസത്തിനകം ക്യാമറകൾ സ്ഥാപിക്കുമെന്ന് കേജരിവാൾ അറിയിച്ചു.
ഓരോ രക്ഷിതാക്കൾക്കും സ്വന്തം മക്കൾ പഠിക്കുന്ന ക്ലാസ് മുറിയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ തത്സമയം കാണാൻ സൗകര്യം ഒരുക്കും. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. ഗുർഗാവിലെ സ്വകാര്യ സ്കൂളിൽ ഏഴ് വയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടികൾ. ഡൽഹിയിലെതന്നെ മറ്റൊരു സ്വകാര്യ സ്കൂളിൽ ഒരുകുട്ടി മറ്റൊരുകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയും ഉയർന്നിരുന്നു.
ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾ സി.ബി.എസ്.ഇ പുറപ്പെടുവിച്ചിരുന്നു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഡൽഹി ലഫ്. ഗവർണറും സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.
ഈ സാഹചര്യത്തിൽ ചേർന്ന പ്രത്യേക അവലോകന യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സി.സി.ടി.വി ക്യാമറകൾ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ, പൊതുമരാമത്ത് മന്ത്രി സത്യേന്ദൻ ജെയിൻ, ചീഫ് സെക്രട്ടറി അൻഷു പ്രകാശ് തുടങ്ങിയ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

