ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിക്കുന്നത് എന്ത്കൊണ്ട്? തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി
ശാരിക
ചെന്നൈ: തമിഴ്നാട്ടിൽ ആർഎസ്എസിന്റെ റൂട്ട് മാർച്ചിന് തുടർച്ചയായി അനുമതി നിഷേധിക്കുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. കോടതി വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടും എന്തിനാണ് പോലീസ് അനുമതി നിഷേധിക്കുന്നതെന്ന് ജസ്റ്റിസ് വി ലക്ഷ്മിനാരായണൻ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഭീകരവാദ ഭീഷണി നിലനിൽക്കുന്ന ജമ്മു കാശ്മീരിൽ പോലും ആർഎസ്എസിന് മാർച്ച് നടത്താൻ കഴിയുമെങ്കിൽ, തമിഴ്നാട്ടിൽ മാത്രം എന്തുകൊണ്ടാണ് ആവർത്തിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും കോടതി നിരീക്ഷിച്ചു.
ആർഎസ്എസിനെയും ദ്രാവിഡർ കഴകത്തെയും പരാമർശിച്ചുകൊണ്ട്, ഈ സർക്കാർ ഏത് ഘോശായാത്രയ്ക്കും എതിരാണെന്നും പ്രതിഷേധങ്ങൾക്ക് അനുമതി നിഷേധിക്കുന്നതിലൂടെ പൗരന്മാരെ ശത്രുക്കളെപ്പോലെയാണ് കാണുന്നതെന്നും കോടതി കുറ്റപ്പെടുത്തി. ആർഎസ്എസ് അംഗമായ വി ജി ജഗദീശൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ഈ പരാമർശങ്ങൾ. ചെറിയ സംഘടനകളുടെ അവസ്ഥ എന്താകുമെന്നും വലിയ സംഘടനകൾക്ക് മാത്രമേ കോടതിയെ സമീപ്പിച്ച് അനുമതി തേടാൻ കഴിയൂ എന്നും ഹർജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എൻ എൽ രാജ വാദിച്ചു.
എന്നാൽ, ആർഎസ്എസ് പൊതുയോഗങ്ങൾ നടത്താൻ നിർദേശിച്ച സ്ഥലങ്ങൾ അത്തരം പരിപാടികൾക്കായി ഔദ്യോഗികമായി നിശ്ചയിച്ചിട്ടുള്ളവയല്ലാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വിജയ് നാരായൺ കോടതിയെ അറിയിച്ചത്. തുടർന്ന്, സമാധാനപരമായ റൂട്ട് മാർച്ചിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. വിജയദശമിയോടനുബന്ധിച്ച് സംഘടനയുടെ സ്ഥാപകദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 18, 25, നവംബർ 1 തീയതികളിലോ മറ്റ് അനുയോജ്യമായ ദിവസങ്ങളിലോ റൂട്ട് മാർച്ച് നടത്താൻ അനുമതി തേടിയാണ് ജഗദീശൻ കോടതിയെ സമീപിച്ചിരുന്നത്. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് അപേക്ഷകൾ നിരസിക്കുകയായിരുന്നുവെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
്േ്ി

