അറിയണം പെട്രോൾ പന്പുകളിലെ തട്ടിപ്പുകൾ
പെട്രോൾ പന്പിൽ ചെന്നാൽ പൈസയും കൊടുത്ത് ഡിസ്പ്ലേയിൽ നോക്കി കൊടുത്ത പൈസയ്ക്ക് പെട്രോൾ അടിച്ചോ എന്ന് നോക്കി മടങ്ങുന്നവരാണ് നമ്മൾ. എന്നാൽ ചില പെട്രോൾ പന്പിലും റിമോട്ട് കൺട്രോൾ ചിപ്പ് ഉപയോഗിച്ച് നിറയ്ക്കുന്ന അളവിൽ കുറവ് വരുത്തുന്നതായി കണ്ടെത്തിയിരിക്കുന്നു. നമ്മളിൽ നിന്ന് ഈടാക്കുന്ന പണത്തിനുള്ള പെട്രോളിന്റെ അളവിൽ കുറവ് നൽകിയാണ് ഈ തട്ടിപ്പ് നടന്നു വരുന്നത്. മെഷീനുകളിൽ ഘടിപ്പിച്ചിരിക്കുന്ന ചിപ്പ് വച്ചിട്ടാണ് ഈ തട്ടിപ്പ്.
കുറച്ചൊന്ന് ശ്രദ്ധിച്ചാൽ പെട്രോൾ പന്പിലെ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാം. 100, 200 എന്നിങ്ങനെയുള്ള ഫിഗറിൽ പെട്രോൾ അടിക്കുന്നത് ഒഴിവാക്കണം. കാരണം ഇത് മെഷീനിൽ നേരത്തെ തന്നെ ഫീഡ് ചെയ്ത് അതിൽ കുറവ് പെട്രോൾ അടിക്കാൻ മെഷീനിൽ സെറ്റ് ചെയ്യുന്ന പന്പുകളും ഉണ്ട്. അതുകൊണ്ട് 110, 210, 535 എന്നിങ്ങനെയുള്ള തോതിൽ പെട്രോൾ അടിക്കുന്നത് ഈ തട്ടിപ്പിൽ നിന്നും ഒരു പരിധി വരെ രക്ഷനേടാൻ സഹായിക്കും. പെട്രോൾ അടിക്കാൻ തുടങ്ങും മുന്പ് പന്പിലെ മെഷീനിലെ അളവ് കാണിക്കുന്ന ഭാഗം പൂജ്യം ആണെന്ന് ഉറപ്പ് വരുത്തുക. വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്പോൾ മെഷീനിലെ അളവ് മാറുന്നതും പൈപ്പിലും ശ്രദ്ധിക്കുക. ഒരു ജീവനക്കാരൻ ഇന്ധനം നിറയ്ക്കുന്പോൾ മറ്റൊരാൾ നിങ്ങളുടെ ശ്രദ്ധ തിരിച്ച് തട്ടിപ്പ് നടത്തുന്നത് വ്യാപകമാണ്. ഇന്ധനം നിറച്ചയുടൻ ടാങ്കിൽ നിന്ന് നോസിൽ എടുത്തു മാറ്റരുത്. നിങ്ങൾ നൽകുന്ന പണത്തിനുള്ള ഇന്ധനം പൈപ്പിൽ അവശേഷിക്കുന്നുണ്ടാകും. അവസാന തുള്ളിയും ടാങ്കിൽ എത്തി എന്ന് ഉറപ്പാക്കിയ ശേഷം വേണം നോസിൽ പുറത്തെടുക്കാൻ. കൃത്യമല്ലെങ്കിൽ കൂടി, ഏകദേശം പൈപ്പിന്റെ നീളം കണക്കാക്കി മെഷീനിൽ നിന്ന് അകറ്റി വേണം വാഹനം നിർത്തുന്നതും നല്ലതാണ്. പൈപ്പ് വളഞ്ഞാണ് കിടക്കുന്നതെങ്കിൽ ഇന്ധനം പൂർണമായും ടാങ്കിൽ വീഴില്ല. പൈപ്പിൽ ഇന്ധനം അവശേഷിക്കുന്നത് ഒഴിവാക്കാനാണ് മെഷീനിൽ നിന്ന് വാഹനം അകറ്റി നിർത്തേണ്ടത്. ദിവസം വ്യത്യസ്ത പന്പുകളിൽ നിന്നായി ഇന്ധനം വാങ്ങിനോക്കുക. അപ്പോൾ ഏറെക്കുറെ ഏതു പന്പിലാണ് കുറവ് ഇന്ധനം ലഭിക്കുന്നതെന്ന കാര്യം വ്യക്തമാകും. ശേഷം നിങ്ങൾക്ക് ഏതു പന്പ് വേണമെന്ന് തീരുമാനിക്കാം.

