ജന്തർ മന്തർ പ്രതിഷേധം: സിജെപി നേതാക്കളുടെ അറസ്റ്റിൽ കേന്ദ്ര സർക്കാരിനും മോദിക്കുമെതിരെ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ്
ശാരിക
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലെ മിന്നൽ പ്രതിഷേധത്തെ തുടർന്ന് സിജെപി നേതാക്കളെ റിമാൻഡ് ചെയ്ത നടപടിയിൽ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ്. തലസ്ഥാനത്തെ സമാധാനം തകർക്കാനല്ല, കേവലം 12 പേർ മാത്രമാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും അതിനാണ് അവരെ അഞ്ചുദിവസം കസ്റ്റഡിയിൽ വിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി പ്രവർത്തകർക്കെതിരെ നടപടിയെടുക്കാത്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ വിഷയത്തിൽ ലജ്ജിക്കണമെന്നും അദ്ദേഹം തുറന്നടിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ കേന്ദ്ര സർക്കാർ എന്തിനാണ് ഇടപെടുന്നതെന്ന് പ്രകാശ് രാജ് ചോദിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും, അധികാര കസേര നഷ്ടപ്പെടുമെന്ന ഭയമാണ് മോദിക്കും അമിത് ഷായ്ക്കുമുള്ളതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട എസ്ഐആർ റദ്ദാക്കണമെന്നും, അല്ലാത്തപക്ഷം രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സ്വന്തം സൈന്യത്തെയും പോലീസിനെയും രാജ്യത്തെ യുവാക്കൾക്കെതിരെ തിരിച്ചുവിട്ട ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്നും ബിജെപി ഭരണത്തിന്റെ അന്ത്യം അടുത്തെന്നും പ്രകാശ് രാജ് പരിഹസിച്ചു. ജന്തർ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിജെപി സഹവക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ തിഹാർ ജയിലിലേക്ക് മാറ്റിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജന്തർ മന്തർ ഡൽഹിയിൽ മാത്രം ഒതുങ്ങില്ലെന്നും രാജ്യത്തെ ഓരോ തെരുവും ഉടൻ സമരവേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
േ്ിേ്ി

