ശ്രദ്ധയാകർഷിച്ച് മസ്ദാറിന്റെ ‘ഇക്കോ’ ബസ്
അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന അബുദാബി സുസ്ഥിര വാരാചരണ പ്രദർശനത്തിൽ മസ്ദാറിന്റെ ‘ഇക്കോ ബസ്’ ശ്രദ്ധയാകർഷിക്കുന്നു. കാർബൺ മാലിന്യ മുക്തമായ ഈ ഇലക്ട്രിക് ബസ് പൂർണമായും പ്രാദേശികമായാണ് നിർമ്മിച്ചത്. യൂറോപ്പ്, വടക്കേ അമേരിക്ക, ചൈന തുടങ്ങി നിരവധിയിടങ്ങളിൽ ഈ സംവിധാനം പ്രവർത്തിക്കുന്നുണ്ടെങ്കിലും പൂർണമായും യു.എ.ഇയിൽ നിർമ്മിച്ച ബസ് എന്ന വിശേഷണത്തോടെയാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.
ബാറ്ററിയുടെ ഭാരം പരമാവധി കുറച്ച് ഒരു തവണ ചാർജ് ചെയ്താൽ 150 കി.മീറ്റർ ദൂരം സഞ്ചരിക്കാവുന്ന തരത്തിലാണ് ഇതിന്റെ നിർമ്മിതി. അബുദാബി ഹാഫിലാത് ഇൻഡസ്ട്രിയും ഖലീഫ യുണിവേഴ്സിറ്റിയും സീമെൻസും മസ്ദാറിനൊപ്പം ബസിന്റെ നിർമ്മിതിയിൽ പങ്കാളികളാണ്. മസ്ദാർ സിറ്റിയിൽ അധികം വൈകാതെ ബസ് പരീക്ഷണാടിസ്ഥാനത്തിൽ ഓടി തുടങ്ങുമെന്നാണ് വിവരം.
10.5 മീറ്റർ നീളവും 27 ഓളം സീറ്റുകളും ബസിലുണ്ട്. അന്തരീക്ഷ ഊഷ്മാവിനെ പരമാവധി പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ ഭാരം കുറഞ്ഞ അലൂമിനിയം പാളികൾ കൊണ്ട് പുറം ഭാഗം നിർമ്മിച്ചിരിക്കുന്ന ബസിൽ ഇലക്ട്രോണിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ജനലുകളും വാതിലുകളും നൂതന എയർ കണ്ടീഷനിംഗ് സംവിധാനവുമുണ്ട്.
മാലിന്യമുക്തമായ നഗരത്തിനുള്ള ആദ്യ ചുവടുവെപ്പെന്നോണമാണ് ഇക്കോ ബസ് ഓടിത്തുടങ്ങുകയെന്ന് മസ്ദാർ സസ്്റ്റൈനബിൾ റിയൽ എേസ്റ്ററ്റ് വകുപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ യൂസഫ് ബേസിലേബ് പറഞ്ഞു.
അന്തരീക്ഷത്തിൽ ചൂടുകൂടുന്ന സാഹചര്യമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വരവിന് ഗൾഫ് രാജ്യങ്ങളിൽ ചെറിയ വെല്ലുവിളിയുണ്ടാക്കുന്നത്. എന്നാൽ ഇതെല്ലം പരിഹരിച്ചുകൊണ്ടുള്ള സാങ്കേതിക വിദ്യയോടുകൂടിയ വാഹനങ്ങൾ സമീപ ഭാവിയിൽ തന്നെ നിരത്തുകൾ കീഴടക്കുമെന്നും അദ്ദേഹം പറഞ്ഞു.

