എയർ ഇന്ത്യ നാലായി വിഭജിക്കും
ന്യൂഡൽഹി : നാല് കന്പനികളായി എയർ ഇന്ത്യയെ വിഭജിക്കുമെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ. ഈ കന്പനികളോരോന്നിന്റെയും 51 ശതമാനം ഓഹരിയെങ്കിലും വിൽക്കുമെന്നും ഒരു അഭിമുഖത്തിൽ ജയന്ത് സിൻഹ വെളിപ്പെടുത്തി. അന്താരാഷ്ട സർവീസ് നടത്തുന്ന എയർ ഇന്ത്യ, ചെലവുകുറഞ്ഞ അന്താരാഷ്ട്ര സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ചേർന്നതാകും ആദ്യ കന്പനി. ആഭ്യന്തര വിമാന സർവീസ് വേറൊരു കന്പനിക്ക് കീഴിലാക്കും. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, എൻജിനീയറിംഗ് വിഭാഗങ്ങൾ രണ്ട് പ്രത്യേക കന്പനികളാവും.
സ്ഥാപനത്തിന്റെ 49 ശതമാനം ഓഹരികൾ വിദേശ വിമാനക്കന്പനികൾക്ക് വിൽക്കാൻ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ തീരുമാനം. കന്പനിവിഭജനം 2018 അവസാനത്തോടെ പൂർത്തിയാവും.
50,000 കോടി രൂപയിലേറെ കടത്തിലാണ് എയർ ഇന്ത്യ. അഞ്ച് ഉപകന്പനികളിലും ഒരു സംയുക്തസംരംഭത്തിലുമായി കരാർ ജീവനക്കാരടക്കം 29,000 ജീവനക്കാരുണ്ട്. ദശകങ്ങളായി സർക്കാർ നൽകുന്ന സാന്പത്തിക സഹായത്തോടെയാണ് കന്പനി പ്രവർത്തിക്കുന്നത്.
2007−ൽ സർക്കാർ ഉടമസ്ഥതയിൽ തന്നെയുള്ള ഇന്ത്യൻ എയർലൈൻസുമായി ലയിച്ചതുമുതലാണ് എയർ ഇന്ത്യ നഷ്ടത്തിലായത്. 2016 മാർച്ചിൽ കന്പനി നൂറുകോടി രൂപയുടെ പ്രവർത്തനലാഭം ഉണ്ടാക്കിയിരുന്നു. ഇന്ധനവില കുറഞ്ഞതായിരുന്നു ഇതിന് പ്രധാനകാരണം. ഇപ്പോൾ 3840 കോടി രൂപയുടെ നഷ്ടത്തിലാണ് കന്പനിയെന്ന് സർക്കാർ പറയുന്നു. വിദേശ നിക്ഷേപത്തിലൂടെ കന്പനിക്ക് പുതുജീവൻ നൽകാനാണ് സർക്കാർ ശ്രമം.
ഏതൊക്കെ വിദേശ വിമാനക്കന്പനികൾ എയർ ഇന്ത്യയിൽ നിക്ഷേപമറിയിക്കാൻ സന്നദ്ധമായിട്ടുണ്ടെന്ന് വെളിപ്പെടുത്താൻ മന്ത്രി തയ്യാറായില്ല. വിദേശനിക്ഷേപം വന്നാലും പ്രാദേശിക നിക്ഷേപകർക്കായിരിക്കും കന്പനിയുടെ നിയന്ത്രണമെന്ന് മന്ത്രി പറഞ്ഞു. കന്പനിയുടെ കടങ്ങൾ സർക്കാരിന്റെ ബാലൻസ് ഷീറ്റിൽ പെടുത്തുമെന്ന് നേരത്തേ സർക്കാർ വ്യക്തമാക്കിയിരുന്നു. അതേസമയം കന്പനിയുടെ പ്രർത്തനവുമായി ബന്ധപ്പെട്ടുള്ള വായ്പകളുടെ ഭാരം പുതിയ നിക്ഷേപകരിലേക്ക് കൈമാറും. വിൽപ്പനയ്ക്ക് മുന്നോടിയായി ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതിയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് മാറാനുള്ള അവസരവും ഒരുക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്.

