മാധ്യമ പ്രവർത്തകന്റെ മൃതദേഹം മാലിന്യ വണ്ടിയിൽ ആശുപത്രിയിലെത്തിച്ചത് വിവാദമായി
ബെംഗളൂരു : അപകടത്തിൽ മരിച്ച മാധ്യമ പ്രവർത്തകന്റെ മൃതദേഹം മാലിന്യം കൊണ്ടുപോകുന്ന ട്രക്കിൽ ആശുപത്രിയിലെത്തിച്ച കർണാടക പോലീസിന്റെ നടപടി വിവാദമായി. മൗനിഷ് പോത്രജ് (28) എന്ന ദൃശ്യമാധ്യമ പ്രവർത്തകന്റെ മൃതദേഹമാണ് മാലിന്യ വണ്ടിയിൽ ആശുപത്രിയിലെത്തിച്ചത്.ഗാഡഗിൽ ഞായറാഴ്ചയാണ് ബൈക്ക് മരത്തിലിടിച്ച് മൗനിഷ് മരിച്ചത്. തലച്ചോറിന് സാരമായി പരിക്കേറ്റ മൗനിഷ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
സ്ഥലത്തെത്തിയ പോലീസ് മൃതദേഹം മുനിസിപ്പാലിറ്റിയുടെ മാലിന്യവണ്ടിയിൽ കയറ്റി സർക്കാർ ആശുപത്രിയിലേക്കെത്തിച്ചു. മറ്റ് വാഹനങ്ങൾ കിട്ടാഞ്ഞതിെനത്തുടർന്നാണ് അങ്ങനെ ചെയ്തതെന്നാണ് വിശദീകരണം. ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റമോർട്ടം നടപടികൾക്കായി കൊണ്ടുപോകാൻ ജീവനക്കാർ മടിച്ചു. മാലിന്യവണ്ടിയിൽ കൊണ്ടുവന്നതിനാൽ മൃതദേഹത്തിൽ തൊടാൻ പോലും ജീവനക്കാർ തയ്യാറായിരുന്നില്ല.
വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മാധ്യമ പ്രവർത്തകർ ശക്തമായി പ്രതിഷേധിച്ചു. മൃതദേഹം ട്രക്കിൽ കയറ്റി കൊണ്ടു പോകുന്ന വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പോലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണ റിപ്പോർട്ട് നൽകാൻ എ.ഡി.ജി.പിയോട് ഉത്തരവിട്ടു.

