ടൈഗർ ഷറോഫ് വധശ്രമം; ബിഷ്ണോയ് സംഘത്തിലെ മൂന്ന് ഷൂട്ടർമാർ രാജസ്ഥാനിൽ പിടിയിൽ
ശാരിക
കോട്ട: ബോളിവുഡ് നടൻ ടൈഗർ ഷറോഫിനെ വെടിവെച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള മൂന്ന് ഷൂട്ടർമാർ രാജസ്ഥാനിൽ പിടിയിലായി. രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിൻ യാത്രയ്ക്കിടെ രാജസ്ഥാൻ ആന്റി ഗ്യാങ്സ്റ്റർ ടാസ്ക് ഫോഴ്സും കോട്ട സിറ്റി പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. മുംബൈ പൊലീസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൂനെ-ജയ്പൂർ എക്സ്പ്രസ് ട്രെയിൻ വളഞ്ഞാണ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.
പിടിയിലായവരിൽ രണ്ടുപേർ വാടകക്കൊലയാളികളും മൂന്നാമത്തെയാൾ ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ സഹായമൊരുക്കിയയാളുമാണെന്നാണ് പ്രാഥമിക നിഗമനം. ഹരിയാന സോനിപത് സ്വദേശിയായ 17-കാരനായ പ്രായപൂർത്തിയാകാത്ത ഒരാളും, ബിഹാർ ബെഗുസരായ് സ്വദേശിയും നിലവിൽ മുംബൈ അന്ധേരി വെസ്റ്റിൽ റാപ്പിഡോ റൈഡറുമായ 22-കാരൻ ഋതിക് കുമാർ എന്ന റോഷൻ, ഹരിയാന സോനിപത് സ്വദേശിയായ 18-കാരൻ റെഹാൻ എന്നിവരാണ് അറസ്റ്റിലായത്.
നടന്റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് സംഘം ആക്രമണം ആസൂത്രണം ചെയ്തത്. എല്ലാ ഞായറാഴ്ചകളിലും ടൈഗർ ഷറോഫ് ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽ എത്താറുണ്ടെന്ന വിവരം അക്രമികൾ മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. അവിടെനിന്ന് കാറിൽ മടങ്ങുന്ന സമയം കണക്കുകൂട്ടിയാണ് ആക്രമണം നടത്തിയത്. വെടിവെപ്പിന് ശേഷം എസ്.വി റോഡ് വഴി വൈലെ പാർലെ, അന്ധേരി ഭാഗത്തേക്ക് പ്രതികൾ ബൈക്കിൽ കടന്നുകളയുകയായിരുന്നു.
േ്ോേ്

