ഉപഗ്രഹ വിക്ഷേപണനത്തിനെതിരെ പാകിസ്ഥാൻ രംഗത്ത്
ന്യൂഡൽഹി : ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണത്തിനെതിരെ പാകിസ്ഥാൻ രംഗത്ത്. സൈനിക ആവശ്യങ്ങൾക്ക് ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നത് പ്രാദേശിക സ്ഥിരതയെ ബാധിക്കുമെന്നാണ് പാകിസ്ഥാന്റെ ആരോപണം. എല്ലാ ബഹിരാകാശ ഉപഗ്രഹങ്ങളും സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. പ്രാദേശിക സ്ഥിരതയ്ക്ക് കോട്ടം തട്ടുന്ന രീതിയിൽ ഇവ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ വ്യക്തമാക്കി.
എല്ലാ രാജ്യങ്ങളും ബഹിരാകാശ സംവിധാനങ്ങൾ ഏറ്റവും സമാധാനപരമായി ഉപയോഗിക്കേണ്ടതാണെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടു. പിഴവുകൾക്ക് ശേഷം കാർട്ടോസാറ്റ് അടക്കം 31 ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചാണ് ഇന്ത്യ ഉപഗ്രഹ വിക്ഷേപണത്തിൽ സെഞ്ച്വറി തിളക്കം നേടിയത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ കേന്ദ്രത്തിൽ നിന്ന് ഇന്നലെ രാവിലെ 9.29നായിരുന്നു ചരിത്രദൗത്യം. ഐ.എസ്.ആർ.ഒയുടെ പടക്കുതിരയായ പി.എസ്.എൽ.വി റോക്കറ്റിന്റെ നാൽപതാമത്തെ വിക്ഷേപണമായിരുന്നു ഇത്.

