മുന്‍ ഗുജറാത്ത് ഡിജിപി പി.പി പാണ്ഡേയെ ഗുജറാത്ത് മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി നിയമിച്ചു
അഹമ്മദാബാദ് : ഇസ്രത് ജഹാന്‍ കേസ് അടക്കമുള്ള വ്യാജ ഏറ്റുമുട്ടല്‍ കൊലകളില്‍ കുറ്റാരോപിതനായ മുന്‍ ഗുജറാത്ത് ഡിജിപി പി.പി പാണ്ഡേയെ ഗുജറാത്ത് മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി നിയമിച്ചു. പല വിവാദ കേസുകളിലും കുറ്റാരോപിതനായ പാണ്ഡേയെ സംസ്ഥാന സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി നിയമിച്ചത് തന്നെ മനുഷ്യാവകാശ ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്.
2004ല്‍ ഗുജറാത്ത് ക്രൈം ബ്രാഞ്ചിന്റെ ചുമതലയിലിരിക്കുമ്പോഴാണ് ഇസ്രത് ജഹാന്‍ അടക്കം നാലുപേരെ ലഷ്‌കര്‍ ഇ തൊയ്ബ ബന്ധം ആരോപിച്ച് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ഏപ്രില്‍ മൂന്നിനാണ് പാണ്ഡേ വിരമിച്ചത്. നാലുപേരുടെ ജീവനെടുത്ത ഒരാളെ സംസ്ഥാന പൊലീസ് മേധാവിയായി നിലനിര്‍ത്താന്‍ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി മുന്‍ ഐപിഎസ് ഓഫീസര്‍ ജൂലിയോ റിബേരിയോ പാണ്ഡേക്കെതിരെ പരാതി നല്‍കിയിരുന്നു. പാണ്ഡേ സ്വയം വിരമിക്കുന്നില്ലെങ്കില്‍ പാണ്ഡേയെ പദവിയില്‍ നിന്നും നീക്കം ചെയ്യും എന്ന് സുപ്രിം കോടതി ഈ കേസില്‍ വിധി പറഞ്ഞു. ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലയുമായി ബന്ധപ്പെട്ട് ജയിലിലും കഴിഞ്ഞിട്ടുണ്ട് പാണ്ഡേ.
ഗുജറാത്ത് കലാപത്തെക്കുറിച്ച് പത്രപ്രവര്‍ത്തക റാണാ അയ്യൂബ് എഴുതിയ 'ഗുജറാത്ത് ഫയല്‍സ്, ദ അനാട്ടമി ഓഫ് എ കവര്‍ അപ്' എന്ന പുസ്തകത്തിൽ സ്റ്റിങ് ഓപ്പറേഷന്റെ ഭാഗമായി പി.പി പാണ്ഡേയുമായി നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള ഭാഗങ്ങളുണ്ട്. ഗുജറാത്ത് പൊലീസില്‍ നിലനില്‍ക്കുന്ന കീഴ് വഴക്കങ്ങളെക്കുറിച്ചും വ്യാജ ഏറ്റുമുട്ടല്‍ കൊലകളെപ്പറ്റിയും പുസ്തകം വെളിപ്പെടുത്തിയിട്ടുണ്ട്.
ഗുജറാത്ത് വംശഹത്യ നടക്കുന്ന സമയത്ത് അഹമ്മദാബാദിലെ പൊലീസ് കമ്മീഷണറായിരുന്ന പാണ്ഡേ, മോദിയുടെ വിശ്വസ്തനാണെന്ന് കരുതപ്പെടുന്നു. കലാപത്തിലുള്ള സ്വന്തം പങ്കിനെപ്പറ്റി റാണയോട് പാണ്ഡേ കുറ്റസമ്മതം നടത്തിയിരുന്നു. മോദിയുടെ രാഷ്ട്രീയത്തിലേറലിന് ഈ വംശഹത്യ ഒരു കാരണമായതിലും പാണ്ഡേ പശ്ചാത്താപമറിയിച്ചിരുന്നു. വംശഹത്യയ്ക്ക് മുമ്പ് മോദി എവിടെയായിരുന്നു, വംശഹത്യയാണ് മോദിയെ മോദിയാക്കിയത് എന്നും പാണ്ഡേ റാണയോട് പറഞ്ഞിരുന്നു.

