പാർലമെന്റിന്റെ മഴക്കാല സമ്മേളനം ജൂലായ് 12 മുതൽ
ന്യൂഡൽഹി : കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ മഴക്കാല സമ്മേളനം ജൂലായ് 12 മുതൽ ചേരും. പ്രതിപക്ഷനിരയുടെ കടുത്ത ആക്രമണങ്ങളെയാകും സർക്കാരിനു നേരിടേണ്ടി വരിക. സമ്മേളനം ഒരു മാസം നീളും.
മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലുൾപ്പെടെ രാജ്യത്തു പെരുകുന്ന കർഷക ആത്മഹത്യകളാകും പ്രതിപക്ഷം മുഖ്യമായും സർക്കാരിനെതിരെ ആയുധമാക്കുക. കന്നുകാലി കശാപ്പിനു നിയന്ത്രണം കൊണ്ടുവന്നതു ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന വാദത്തിനും രാജ്യത്തിന്റെ വളർച്ചാനിരക്കു കുറഞ്ഞതിനും മൂന്നാം വാർഷികത്തിൽ സർക്കാർ മറുപടി പറയേണ്ടി വരും.
രാഷ്ട്രപതി തിരഞ്ഞെടുപ്പും ഈ സെഷനിലാണു നടക്കുക. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിശാല പ്രതിപക്ഷ ഐക്യനിര രൂപപ്പെടുമോ എന്നതും ഈ സമ്മേളനത്തിൽ അറിയാനാകും. മൂന്നു വർഷത്തെ ഭരണനേട്ടങ്ങളാണു ഭരണപക്ഷം പ്രധാനമായും ഉയർത്തിക്കാട്ടുക.

