മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൗഹാൻ നിരാഹാരം അവസാനിപ്പിച്ചു


ഭോപ്പാൽ : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൗഹാൻ ആരംഭിച്ച അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ ഭോപ്പാലിലെ ദസറ മൈതാനത്ത് ആരംഭിച്ച നിരാഹാരസമരമാണ് ഏതാണ്ട് 28 മണിക്കൂറിന് ശേഷം ഞായറാഴ്ച ഉച്ചയ്ക്കു അവസാനിപ്പിച്ചത്. മൻസോറിൽ ഉണ്ടായ അക്രമസംഭവങ്ങൾ വിശദമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തനിക്കൊപ്പം നിരാഹാരം അനുഷ്ഠിച്ചവർക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. ഭാരതീയ കിസാൻ സംഘ് മറ്റു സംഘടനകൾ എന്നിവരിൽ നിന്ന് ഞങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. അവർക്കും നന്ദി പറയുന്നു. സഹകരണവും സമാധാനവും കൊണ്ടുവരാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. ഒരു കാരണവശാലും മധ്യപ്രദേശിൽ അക്രമങ്ങൾ ഉണ്ടാവാൻ പാടില്ലെന്നും മുഖ്യമന്ത്രി ചൗഹാൻ പറഞ്ഞു.

എന്റെ ജീവിതം മധ്യപ്രദേശിലെ ജനങ്ങൾക്ക് സമർപ്പിച്ചിരിക്കുകയാണ്. ഞാൻ ജീവിക്കുന്നത് അവർക്കുവേണ്ടിയാണ്. ജനങ്ങൾക്ക് വേണ്ടി മരിക്കാൻപോലും തയാറാണ്–ചൗഹാൻ പറഞ്ഞു. മധ്യപ്രദേശിന്റെ പടിഞ്ഞാറൻ ജില്ലകളിൽ സമാധാനം പുനഃസ്ഥാപിക്കുംവരെയായിരുന്നു മുഖ്യമന്ത്രി ചൗഹാൻ നിരാഹാരം പ്രഖ്യാപിച്ചിരുന്നത്. ആറാം തീയതി പൊലീസ് വെടിവയ്പിൽ അഞ്ചു കർഷകർ കൊല്ലപ്പെട്ടതിനെത്തുടർന്നാണു മേഖലയിൽ വലിയ അക്രമം ആരംഭിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed