ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം സ്ഥാപിക്കാൻ ചൈന : നാലു യുദ്ധക്കപ്പലുകൾ പാക്ക് തീരത്ത്
ന്യൂഡൽഹി : ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം സ്ഥാപിക്കാൻ ചൈന ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, നാലു ചൈനീസ് യുദ്ധക്കപ്പലുകൾ പാക്ക് തീരത്തെത്തി. നാലു ദിവസത്തെ പരിശീലനത്തിനും ശക്തിപ്രകടനങ്ങൾക്കുമായി ചൈനീസ് കപ്പലുകൾ കറാച്ചി തുറമുഖത്തെത്തിയത്. ശനിയാഴ്ചയാണ് കപ്പലുകൾ കറാച്ചിയിലെത്തിയതെന്ന് ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.
‘ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ധാരണ വളർത്താനും പരസ്പര വിശ്വാസം ഊട്ടി ഉറപ്പിക്കാനും ഈ സന്ദർശനം സഹായിക്കും. നാവികസേനകൾ തമ്മിലുള്ള ആശയവിനിമയം മേഖലയിൽ സ്ഥിരത കൊണ്ടുവരുന്നതിനും കാരണമാകും. ലോകസമാധാനത്തിനും പരസ്പര വളർച്ചയ്ക്കുള്ള അവസരവും ഇതുവഴി ഉണ്ടാകും.’’– ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി കമാൻഡർ സഹൻ ഹൂ പറഞ്ഞു.
നേരത്തെ, ചൈനയുടെ ആണവ അന്തർവാഹിനി കറാച്ചി തുറമുഖത്ത് എത്തിയതിന്റെ തെളിവുകൾ ഏതാനും മാസം മുൻപ് പുറത്തുവന്നിരുന്നു. ഗൂഗിൾ എർത്തിൽ പതിഞ്ഞ ചിത്രമാണ് പുറത്തുവന്നത്. കഴിഞ്ഞ മേയിലാണ് കറാച്ചി തുറമുഖത്ത് ചൈനയുടെ ആണവ അന്തർവാഹിനി എത്തിയത്.
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്വാധീനവും ശക്തിയും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൈനയുടെ ഇത്തരം നടപടികളെന്നാണ് ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരുടെ നിരീക്ഷണം.

