ദുരിതക്കയത്തിലായ നേപ്പാളിന് കൈത്താങ്ങായി ഇന്ത്യ; 1.6 ബില്യൺ ഡോളറിന്റെ വൻ സഹായ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി
ഷീബ വിജയൻ
ന്യൂഡൽഹി: ഓഗസ്റ്റിലുണ്ടായ അതിരൂക്ഷമായ പ്രളയക്കെടുതിയിൽ നിന്ന് കരകയറുന്ന അയൽരാജ്യമായ നേപ്പാളിന് 1.6 ബില്യൺ ഡോളറിന്റെ (240 ബില്യൺ നേപ്പാളി രൂപ) 'വികസന സഹകരണ' പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച ന്യൂഡൽഹിയിൽ നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മോദി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, നേപ്പാളിന്റെ പുനർനിർമ്മാണത്തിനും ദീർഘകാല വികസനത്തിനും പുതിയ ഊർജ്ജം നൽകാനാണ് ഈ സഹായമെന്നും മോദി വ്യക്തമാക്കി.
മാർച്ചിൽ അധികാരമേറ്റ ശേഷം ഒരു അയൽരാജ്യത്തേക്ക് ബാലേന്ദ്ര ഷാ നടത്തുന്ന ആദ്യ സന്ദർശനമാണിത്. രാഷ്ട്രപതി ഭവനിൽ അദ്ദേഹത്തിന് ഔദ്യോഗിക ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. 2025 സെപ്റ്റംബറിൽ യുവാക്കളുടെ നേതൃത്വത്തിൽ നടന്ന അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്നാലെയാണ് റാപ്പർ കൂടിയായ 36-കാരൻ ബാലേന്ദ്ര ഷാ നേപ്പാളിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയത്. കറുത്ത വസ്ത്രവും തന്റെ സ്ഥിരം സൺഗ്ലാസും ധരിച്ചെത്തിയ ഷായെ വെള്ള വസ്ത്രധാരിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലിംഗനം ചെയ്താണ് സ്വീകരിച്ചത്.
ഓഗസ്റ്റിൽ ഹിമാലയൻ മേഖലയിലെ ഹിമാനികൾ തകർന്നുണ്ടായ സുനാമി സമാനമായ പ്രളയത്തിൽ 1,400-ലധികം പേർ കൊല്ലപ്പെടുകയും 5,000 പേരെ കാണാതാവുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ പുനർനിർമ്മാണത്തിന് 4.78 ബില്യൺ ഡോളർ ചെലവ് വരുമെന്നാണ് നേപ്പാളിന്റെ കണക്കുകൂട്ടൽ. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ കൂട്ടായ പ്രവർത്തനത്തിലൂടെ നേരിടേണ്ടതിന്റെ അനിവാര്യതയാണ് ഈ ദുരന്തം കാണിക്കുന്നതെന്ന് ബാലേന്ദ്ര ഷാ അഭിപ്രായപ്പെട്ടു.
കൂടിക്കാഴ്ചയ്ക്കിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള സംയുക്ത വിഷൻ രേഖയും പ്രധാനമന്ത്രി മോദി പുറത്തിറക്കി. അതിർത്തി കടന്നുള്ള റെയിൽവേ ലൈൻ, 669 മെഗാവാട്ട് ജലവൈദ്യുത പദ്ധതി, വിപുലീകരിച്ച പെട്രോളിയം പൈപ്പ്‌ലൈൻ, പുതിയ ഓയിൽ സ്റ്റോറേജ് ടെർമിനൽ എന്നിവ ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾക്കും ഇരുനേതാക്കളും തുടക്കം കുറിച്ചു.
നേപ്പാളിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ഇന്ത്യയുമായുള്ള സൗഹൃദം ഹിമാലയത്തോളം ഉയരമുള്ള വിശ്വാസത്തിലും നദി പോലെ ഒഴുകുന്ന സഹകരണത്തിലും അധിഷ്ഠിതമായിരിക്കട്ടെയെന്ന് ബാലേന്ദ്ര ഷാ ആശംസിച്ചു.
dfssdfdsdfs


