അവയവമാറ്റ ശസ്ത്രക്രിയകൾക്ക് കർശന നിബന്ധനകളുമായി ബഹ്‌റൈൻ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ആശുപത്രികളിൽ അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തുന്നതിന് വിദഗ്ധ സർജന്മാരും ജീവൻരക്ഷാ ഉപകരണങ്ങളും പൂർണ്ണ സജ്ജീകരണങ്ങളുള്ള ഓപ്പറേഷൻ തിയേറ്ററുകളും നിർബന്ധമാക്കി ആരോഗ്യ മന്ത്രാലയം കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. വൃക്ക, ഹൃദയം, കരൾ, ശ്വാസകോശം, മജ്ജ, കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തുന്നതിനുള്ള ലൈസൻസ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസ്സൻ 2026-ലെ 26-ാം നമ്പർ ഉത്തരവിൽ ഒപ്പുവെച്ചു.
പുതിയ നിയമപ്രകാരം, ഓരോ അവയവമാറ്റ കേന്ദ്രത്തിലും പ്രത്യേക എയർ ഫിൽട്ടറേഷൻ സംവിധാനമുള്ള കുറഞ്ഞത് രണ്ട് ഓപ്പറേഷൻ തിയേറ്ററുകൾ, രണ്ട് റിക്കവറി റൂമുകൾ, രണ്ട് ഐസൊലേഷൻ റൂമുകൾ, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണത്തിനായി രണ്ട് പോസിറ്റീവ് പ്രഷർ റൂമുകൾ എന്നിവ ഉണ്ടായിരിക്കണം. ഇസിഎംഒ (ECMO) ഉൾപ്പെടെയുള്ള അത്യാധുനിക ഹൃദയ-ശ്വാസകോശ സഹായ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുന്ന രോഗികളെ ചികിത്സിക്കാൻ തീവ്രപരിചരണ വിഭാഗങ്ങൾക്ക് സാധിക്കണം. ഡയാലിസിസ്, രക്തചികിത്സ, ശ്വാസകോശ പരിചരണം, പകർച്ചവ്യാധി വിഭാഗം, രോഗപ്രതിരോധ പരിശോധന, ഫിസിയോതെറാപ്പി എന്നിവയും ആശുപത്രികളിൽ ലഭ്യമാക്കേണ്ടതുണ്ട്.
മാറ്റിവെച്ച അവയവങ്ങൾ ശരീരം തിരസ്കരിക്കുന്നത് തടയാൻ ടിഷ്യു മാച്ചിംഗ് പരിശോധനകൾക്കും മരുന്നുകളുടെ അളവ് നിർണ്ണയിക്കുന്നതിനുമുള്ള ലബോറട്ടറി സൗകര്യങ്ങൾ ഉണ്ടായിരിക്കണം. അൾട്രാസൗണ്ട്, എക്സ്-റേ, സിടി, എംആർഐ, ന്യൂക്ലിയർ മെഡിസിൻ തുടങ്ങിയ ഇമേജിംഗ് സൗകര്യങ്ങളും നിർബന്ധമാണ്. ഹൃദയം, വൃക്ക, കരൾ മാറ്റിവയ്ക്കൽ കേന്ദ്രങ്ങളിൽ അതത് വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരും പരിചയസമ്പന്നരായ സർജന്മാരും ഉണ്ടായിരിക്കണം. കോർണിയ മാറ്റിവയ്ക്കൽ നടത്തുന്ന ആശുപത്രികൾക്ക് സ്വന്തമായി നേത്രബാങ്കുകളോ അംഗീകൃത ബാങ്കുകളുമായി കരാറോ ഉണ്ടായിരിക്കണം.
മജ്ജ മാറ്റിവയ്ക്കൽ കേന്ദ്രങ്ങളിൽ ഉയർന്ന നിലവാരമുള്ള എയർ ഫിൽട്ടറേഷൻ സംവിധാനത്തോടുകൂടിയ ഐസൊലേഷൻ മുറികളും പ്രത്യേക പരിശോധനാ ലാബുകളും സ്റ്റെം സെല്ലുകൾ അതിശൈത്യത്തിൽ സൂക്ഷിക്കാനുള്ള ഉപകരണങ്ങളും നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ, വിദഗ്ധ ഡോക്ടർമാർക്ക് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) ലൈസൻസും അംഗീകൃത കേന്ദ്രങ്ങളിലെ പ്രവൃത്തിപരിചയവും വർഷത്തിൽ കുറഞ്ഞത് 30 മണിക്കൂർ അവയവമാറ്റ പരിശീലനവും ഉണ്ടായിരിക്കണം. ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേറ്റർമാർക്ക് നഴ്സിംഗ് ബിരുദവും പ്രവൃത്തിപരിചയവും നിർബന്ധമാക്കിയതിനൊപ്പം നഴ്സുമാർക്കും ഫാർമസിസ്റ്റുകൾക്കും പോഷകാഹാര വിദഗ്ധർക്കും പ്രത്യേക രോഗീപരിചരണ പരിശീലനവും ലഭിച്ചിരിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
adssddsdsds


