ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാർ, 16 പ്രതികളെ വെറുതെ വിട്ടു


ഷീബ വിജയൻ

 

കണ്ണൂർ: പയ്യന്നൂരിലെ സിപിഐഎം പ്രവർത്തകൻ സി വി ധനരാജ് വധക്കേസിൽ ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. നാല് മുതൽ 20 വരെയുള്ള പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെ വിട്ടു. ടി പി ബിജു, വിപിൻ എം, വൈശാഖ് എം എന്നിവർക്കെതിരെ മാത്രമേ കൊലക്കുറ്റം നിലനിൽക്കൂ എന്നാണ് കോടതിയുടെ നിരീക്ഷണം. ഒന്നാം സാക്ഷിയുടെ മൊഴി വിശ്വസനീയമല്ല എന്നതിനാലാണ് നാല്, അഞ്ച്, ആറ് പ്രതികളെ ഒഴിവാക്കിയതെന്ന് കോടതി വ്യക്തമാക്കി.

ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത രാഷ്ട്രീയ കൊലപാതകമാണെന്നോ ഗൂഢാലോചന നടന്നെന്നോ തെളിയിക്കാനായിട്ടില്ലെന്നും, കൊലപാതകത്തിന്റെ ഉദ്ദേശം സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും വിചാരണക്കോടതി വിമർശിച്ചു. സാക്ഷിമൊഴികളിലെ വൈരുധ്യവും പ്രാഥമിക സാക്ഷികൾക്ക് പൊലീസിന് നൽകിയ മൊഴി കോടതിയിൽ ആവർത്തിക്കാൻ കഴിയാത്തതും കോടതി ചൂണ്ടിക്കാട്ടി. ധനരാജിന്റെ മരണമൊഴി നിയമപരമായി നിലനിൽക്കില്ലെന്നും, അധികാരമില്ലാത്ത മജിസ്ട്രേറ്റ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. മാധ്യമചിത്രങ്ങൾ കണ്ടാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന വാദം തള്ളിയ കോടതി, ടവർ ലൊക്കേഷൻ രേഖകൾ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തി. സിപിഐഎമ്മിന് വലിയ തിരിച്ചടിയാണ് ഈ വിധി.

2016 ജൂലൈ 11നാണ് രാമന്തളി കുന്നരുവിൽ ധനരാജിനെ ബൈക്കിലെത്തിയ ബിജെപി-ആർഎസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന്റെ പുറകുവശത്ത് വെച്ച് കുടുംബാംഗങ്ങളുടെ മുന്നിലിട്ടാണ് വെട്ടിവീഴ്ത്തിയത്. കേസിൽ ആകെ 20 പ്രതികളുണ്ടായിരുന്നതിൽ 12-ാം പ്രതി ചൂരക്കാട് ബിജു 2017ൽ കൊല്ലപ്പെട്ടിരുന്നു. 2025 സെപ്റ്റംബറിൽ ആരംഭിച്ച വിചാരണയിൽ 43 സാക്ഷികളും 127 രേഖകളും 33 തൊണ്ടിമുതലുകളും പരിശോധിച്ച ശേഷമാണ് പത്ത് വർഷത്തിന് ശേഷം കോടതി വിധി പറഞ്ഞത്.

article-image

eqdededewew

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed