കടലിനടിയിലൂടെ കുതിക്കാൻ ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ; പത്തുനില താഴ്ചയിൽ ഭൂഗർഭ സ്റ്റേഷൻ
ഷീബ വിജയൻ
മുംബൈ: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ട് പോകുന്നു. പദ്ധതിയുടെ ഭാഗമായി കടലിനടിയിലൂടെയുള്ള റെയിൽ തുരങ്കത്തിന്റെയും ഭൂഗർഭ റെയിൽവേ സ്റ്റേഷന്റെയും നിർമ്മാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. താനെ ക്രീക്കിന് അടിയിലുള്ള പാറകൾ തുരന്ന് രാജ്യത്തെ ആദ്യത്തെ കടലിനടിയിലെ റെയിൽ തുരങ്കം നിർമ്മിക്കുന്നതിനുള്ള ജോലികൾ നടക്കുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 3,200 ടൺ ഭാരമുള്ള കൂറ്റൻ ടണൽ ബോറിങ് മെഷീനാണ് ഇതിനായി ഉപയോഗിക്കുന്നത്.
മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്സിൽ (ബികെസി) പത്തുനില കെട്ടിടത്തിന്റെ ഉയരത്തേക്കാൾ കൂടുതൽ ആഴത്തിലാണ് ഭൂഗർഭ റെയിൽവേ സ്റ്റേഷൻ പണിയുന്നത്. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയുടെ ആരംഭ സ്റ്റേഷനായിരിക്കും ഇത്. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രത്തിന് നടുവിൽ നിർമ്മിക്കുന്ന ഈ സ്റ്റേഷൻ എൻജിനീയറിങ് മേഖലയിലെ വലിയൊരു നേട്ടമാണെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
മൂന്ന് നിലകളിലായാണ് ഈ ഭൂഗർഭ സ്റ്റേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. യാത്രക്കാർക്കായി പ്ലാറ്റ്ഫോമുകൾ, കോൺകോഴ്സ്, മറ്റ് അവശ്യ സേവനങ്ങൾ എന്നിവയ്ക്കായി പ്രത്യേക സൗകര്യങ്ങൾ ഇവിടെ ഒരുക്കും. ആകെ ആറ് പ്ലാറ്റ്ഫോമുകളാണ് സ്റ്റേഷനിലുണ്ടാവുക. ബുള്ളറ്റ് ട്രെയിനുകൾക്ക് സുഗമമായി നിർത്താൻ പാകത്തിന് 400 മീറ്ററിലധികം നീളത്തിലാണ് ഓരോ പ്ലാറ്റ്ഫോമും നിർമ്മിക്കുന്നത്.
508 കിലോമീറ്റർ ദൈർഘ്യമുള്ള ഈ അതിവേഗ റെയിൽ ഇടനാഴിയിലെ മറ്റ് സ്റ്റേഷനുകൾ അതത് നഗരങ്ങളുടെ തനതായ സവിശേഷതകളും സംസ്കാരവും സാമ്പത്തിക പ്രാധാന്യവും വിളിച്ചോതുന്ന രീതിയിലാണ് നിർമ്മിക്കുന്നത്. ഉദാഹരണത്തിന്, വജ്രവ്യാപാരത്തിന് പ്രശസ്തമായ സൂറത്തിലെ സ്റ്റേഷന്റെ മുൻഭാഗം വജ്രത്തിന്റെ ആകൃതിയിലായിരിക്കും ഒരുക്കുക. 2027ൽ സൂറത്തിൽ നിന്നും വാപിയിലേക്കായിരിക്കും രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുക.
dfsdsdsfds


