100 മിസൈലുകൾ നിർമ്മിക്കാനുള്ള രാസവസ്തുക്കളും സിം കാർഡുകളുമായി കപ്പൽ പിടിയിൽ; ചൈന-ബംഗ്ലാദേശ് നീക്കത്തിൽ ദുരൂഹത


ഷീബ വിജയൻ

ധാക്ക: റോക്കറ്റുകളുടെയും മിസൈലുകളുടെയും ഇന്ധന നിർമ്മാണത്തിന് ഉപയോഗിക്കുന്ന 405 ടൺ സോഡിയം പെർക്ലോറേറ്റും ദശലക്ഷക്കണക്കിന് രജിസ്റ്റർ ചെയ്യാത്ത സിം കാർഡുകളുമായി ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് പോവുകയായിരുന്ന കപ്പൽ ഇന്തോനേഷ്യൻ നാവികസേന പിടിച്ചെടുത്തു. ഇന്തോനേഷ്യയിലെ ബെലവാൻ തീരക്കടലിൽ വെച്ചാണ് കൊമോറോസ് പതാകയുള്ള 'എംവി സ്റ്റാർ ലൈൻ' (MV Star Line) എന്ന കപ്പൽ നവംബർ 7-ന് പിടിയിലായത്.

കപ്പലിലുണ്ടായിരുന്ന 36 കണ്ടെയ്‌നറുകളിൽ 15 എണ്ണത്തിലാണ് 405 ടൺ സോഡിയം പെർക്ലോറേറ്റ് ഉണ്ടായിരുന്നത്. പിടിച്ചെടുത്ത ഈ രാസവസ്തു ഉപയോഗിച്ച് ഏകദേശം 100 മിസൈലുകൾ വരെ നിർമ്മിക്കാൻ സാധിക്കുമെന്ന് ഇന്തോനേഷ്യൻ നാവികസേനാ കമാൻഡർ റിയർ അഡ്മിറൽ ഡെന്നി സെപ്റ്റിയാന വ്യക്തമാക്കി. കൂടാതെ, 54 പാലറ്റുകളിലായി സൂക്ഷിച്ചിരുന്ന ദശലക്ഷക്കണക്കിന് രജിസ്റ്റർ ചെയ്യാത്ത ബ്ലാങ്ക് 4G LTE സിം കാർഡുകളും പരിശോധനയിൽ കണ്ടെടുത്തു.

ഇന്ധനം നിറയ്ക്കുന്നതിനായി ബെലവാൻ തീരത്ത് നങ്കൂരമിട്ട കപ്പലിന്റെ സംശയാസ്പദമായ നീക്കങ്ങൾ ഇന്തോനേഷ്യൻ പട്രോളിംഗ് കപ്പലായ കെആർഐ സിഗാലു-857 (KRI Sigalu-857) ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. നിശ്ചിത പാതയിൽ നിന്ന് മാറി സഞ്ചരിച്ച കപ്പലിന്റെ രേഖകളിലും ചരക്കുകളിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് വിശദമായ പരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു. കപ്പലിന്റെ രേഖകൾ സസ്‌പെൻഡ് ചെയ്ത നിലയിലായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.

രാസവസ്തുക്കളുടെ ഉടമസ്ഥാവകാശം, ഉറവിടം, ബംഗ്ലാദേശിൽ ഇവ ആർക്കുവേണ്ടിയാണ് എത്തിച്ചത് എന്നിവയെക്കുറിച്ച് ഇന്തോനേഷ്യൻ അധികൃതർ കപ്പൽ ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണ്. സ്വയം സ്ഫോടകവസ്തുവല്ലെങ്കിലും, റോക്കറ്റ് പ്രൊപ്പല്ലന്റുകൾ, സ്ഫോടകവസ്തുക്കൾ, കരിമരുന്ന് ഉൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ജ്വലനത്തെ സഹായിക്കുന്ന ശക്തമായ ഓക്സിഡൈസിംഗ് ഏജന്റാണ് സോഡിയം പെർക്ലോറേറ്റ്. അന്താരാഷ്ട്ര കപ്പൽ പാതകളിലൂടെയുള്ള അപകടകരമായ രാസവസ്തുക്കളുടെ കടത്ത് വലിയ സുരക്ഷാ ആശങ്കകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

article-image

ADSdsdsadsads

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed