വരനൊപ്പം പടക്കവുമായി എത്തിയവരെ തടഞ്ഞു; നാദാപുരത്ത് വിവാഹവീട്ടിൽ കൂട്ടത്തല്ല്


ഷീബ വിജയൻ


കോഴിക്കോട്: നാദാപുരത്ത് വിവാഹച്ചടങ്ങിനിടെയുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. വരനൊപ്പം പടക്കം പൊട്ടിക്കാനെത്തിയ സുഹൃത്തുക്കളെ നാട്ടുകാർ തടഞ്ഞതാണ് സംഘർഷത്തിന് വഴിവെച്ചത്. വധുവിന്റെ വീടിന് സമീപത്തുവെച്ച് നാട്ടുകാരും വരന്റെ സുഹൃത്തുക്കളും ബന്ധുക്കളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.

ഇന്നലെ വൈകീട്ട് നാദാപുരം വരിക്കോളിയിലാണ് സംഭവം നടന്നത്. വധുവിന്റെ വീട്ടിലേക്ക് വരനോടൊപ്പം എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും വിവാഹം ആഘോഷിക്കുന്നതിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. വിവാഹവീടിന് തൊട്ടടുത്ത് മരണം നടന്ന ഒരു വീടുള്ളതിനാൽ പടക്കം പൊട്ടിക്കൽ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് മഹല്ല് കമ്മിറ്റിയും നാട്ടുകാരും വരന്റെ വീട്ടുകാരോട് നേരത്തെ തന്നെ അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ ഈ നിർദ്ദേശം അവഗണിച്ച് വരന്റെ സംഘം പടക്കം പൊട്ടിക്കുന്നത് തുടരുകയും പിന്നാലെ ബാൻഡ് മേളം ആരംഭിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാർ ഇടപെട്ട് ബാൻഡ് മേളം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ വരന്റെ സുഹൃത്തുക്കൾ ഇതിന് വഴങ്ങാതിരുന്നതോടെ വാക്കേറ്റമുണ്ടാവുകയും അത് വലിയ സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി. പിന്നീട് വരന്റെ നാട്ടിലെ മഹല്ല് കമ്മിറ്റി ഭാരവാഹികൾ സ്ഥലത്തെത്തി ഇടപെട്ട ശേഷമാണ് വരന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വധുവിന്റെ വീട്ടിലേക്ക് പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം നാദാപുരത്തിന് സമീപമുള്ള ആയഞ്ചേരിയിലും സമാനമായ രീതിയിൽ വിവാഹവീട്ടിൽ പടക്കം പൊട്ടിച്ചതിനെച്ചൊല്ലി സംഘർഷമുണ്ടായിരുന്നു. ആ സംഭവത്തിൽ വധുവിന്റെ അമ്മയ്ക്ക് ഉൾപ്പെടെ പരിക്കേറ്റിരുന്നു.

article-image

dfdsdfsfd

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed