കരാർ ലംഘനവും അനധികൃത നിർമാണവും; 25 വർഷത്തെ ഭൂമി ഇടപാട് റദ്ദാക്കി ദുബായ് കോടതി, കമ്പനി ഏഴ് ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണം


ഷീബ വിജയൻ


ദുബായ്: കരാർ വ്യവസ്ഥകൾ ലംഘിക്കുകയും സർക്കാർ അനുമതിയില്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത കമ്പനിയുടെ 25 വർഷത്തെ ഭൂമി നിക്ഷേപ കരാർ ദുബായ് കോടതി റദ്ദാക്കി. ഉമ്മു റമൂലിലെ 3,648.30 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഭൂമി ഒഴിഞ്ഞുകൊടുക്കാനും, ഭൂമി പഴയ സ്ഥിതിയിലാക്കി ഉടമയ്ക്ക് തിരികെ നൽകാനും, നഷ്ടപരിഹാരമായി 7,00,000 ദിർഹം നൽകാനും ദുബായ് പ്രഥമ വിചാരണ കോടതി ഉത്തരവിട്ടു. വാടകയിളവ് നൽകിയ ഒരു വർഷത്തിനുള്ളിൽ കരാർ പ്രകാരമുള്ള അറ്റകുറ്റപ്പണികളും തയ്യാറെടുപ്പ് ജോലികളും പൂർത്തിയാക്കിയെന്ന് തെളിയിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതിനെ തുടർന്നാണ് കോടതിയുടെ ഈ സുപ്രധാന നടപടി.

തുടക്കത്തിൽ 15 വർഷത്തേക്കായിരുന്നു നിക്ഷേപ കരാർ ഒപ്പിട്ടിരുന്നത്. നിലവിലുള്ള കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ഒരു വർഷത്തെ വാടകയിളവും 10 ലക്ഷം ദിർഹം വാർഷിക ഫീസുമായിരുന്നു വ്യവസ്ഥ. പിന്നീട് കരാർ 25 വർഷത്തേക്ക് നീട്ടുകയും വാർഷിക ഫീസ് ഏഴ് ലക്ഷം ദിർഹമായി കുറയ്ക്കുകയും ചെയ്തു. ഭൂമി ഏറ്റെടുത്ത കമ്പനിക്ക് സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാൻ ഉടമ ജനറൽ പവർ ഓഫ് അറ്റോർണി നൽകിയിരുന്നു. എന്നാൽ, വാടകയിളവ് കാലയളവിൽ കരാർ പ്രകാരമുള്ള ജോലികൾ പൂർത്തിയാക്കാതെ അനധികൃത നിർമാണങ്ങൾ നടത്തിയതായി ഉടമ കണ്ടെത്തി. തുടർന്ന് പവർ ഓഫ് അറ്റോർണി റദ്ദാക്കിയ ഉടമ നിയമപരമായ നോട്ടീസ് അയക്കുകയും അടിയന്തര കോടതി പരിശോധന ആവശ്യപ്പെടുകയും ചെയ്തു.

കോടതി നിയോഗിച്ച എൻജിനീയറിങ് വിദഗ്ധന്റെ പരിശോധനയിൽ ഗുരുതരമായ ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്. വെയർഹൗസിൽ സാൻഡ്‌വിച്ച് പാനൽ മേൽക്കൂര, എപ്പോക്സി ഫ്ലോറിങ്, എയർ കണ്ടീഷനിങ്, അഗ്നിശമന സംവിധാനങ്ങൾ, മെസനൈൻ ഫ്ലോർ, ഗുഡ്‌സ് ലിഫ്റ്റ് തുടങ്ങിയവ നിർമിച്ച് ഒരു സെൽഫ്-സ്റ്റോറേജ് കേന്ദ്രമായി പ്രവർത്തിപ്പിക്കുകയായിരുന്നു കമ്പനി. വെയർഹൗസിനെ മൂന്ന് യൂണിറ്റുകളായി തിരിക്കാൻ അനുമതി വാങ്ങിയിരുന്നെങ്കിലും ആ പ്രവൃത്തികൾ നടപ്പിലാക്കിയിരുന്നില്ല. പകരം അനുമതിയില്ലാത്ത മറ്റ് നിർമാണങ്ങളാണ് നടത്തിയത്. കരാർ ദുബായ് ഇന്ററിം പ്രോപ്പർട്ടി രജിസ്റ്ററിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ അസാധുവാക്കണമെന്ന ഉടമയുടെ വാദം കോടതി തള്ളിയെങ്കിലും, കരാർ വ്യവസ്ഥകൾ പാലിക്കുന്നതിൽ കമ്പനി പൂർണമായും പരാജയപ്പെട്ടതായി കോടതി വിലയിരുത്തി.

വാടകയിളവ് ലഭിച്ച കാലയളവിൽ ഭൂമി കൈവശം വെച്ചതിന് 10,00,100 ദിർഹം നഷ്ടപരിഹാരമാണ് ഉടമ ആവശ്യപ്പെട്ടിരുന്നത്. വ്യവസ്ഥകൾ പാലിക്കാത്ത സാഹചര്യത്തിൽ വാടകയിളവിന് കമ്പനിക്ക് അർഹതയില്ലെന്ന് വ്യക്തമാക്കിയ കോടതി, പുതുക്കിയ കരാറിലെ വാർഷിക ഫീസായ ഏഴ് ലക്ഷം ദിർഹം നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടു. ഇതിനുപുറമെ കോടതി ചെലവുകളും കമ്പനി വഹിക്കണം.

article-image

fggfdfd

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed