ഗോൾഡൻ റെസിഡൻസി ഉടമകൾക്കായി പ്രത്യേക ആരോഗ്യ പാക്കേജുമായി അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ഗോൾഡൻ റെസിഡൻസി ഉടമകൾക്കും അവരുടെ ആശ്രിതർക്കുമായി അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ (AMH) പുതിയ ആരോഗ്യ ആനുകൂല്യ പാക്കേജ് പ്രഖ്യാപിച്ചു. വാർഷിക പ്രിവന്റീവ് വെൽനസ് പരിശോധനകൾ, ദന്ത-നേത്ര ചികിത്സാ ആനുകൂല്യങ്ങൾ, പ്രത്യേക നിരക്കിളവുകൾ, തിരഞ്ഞെടുത്ത സേവനങ്ങളിലും മുറികളിലും അപ്‌ഗ്രേഡുകൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ പാക്കേജ്.
ബഹ്‌റൈനിലെ ഒരു നൂറ്റാണ്ടിലേറെ നീണ്ട സേവന പാരമ്പര്യം മുൻനിർത്തി മികച്ച ആരോഗ്യപരിരക്ഷ നൽകുന്നതിനുള്ള ആശുപത്രിയുടെ പ്രതിബദ്ധത അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ കോർപ്പറേറ്റ് സിഇഒ ഡോ. ജോർജ് ചെറിയാൻ ആവർത്തിച്ചു. പുതിയ പാക്കേജിലൂടെ ഗോൾഡൻ റെസിഡൻസി ഉടമകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ദന്ത-നേത്ര ആരോഗ്യം, ബോഡി കോമ്പോസിഷൻ, ന്യൂട്രീഷൻ, പ്രിവന്റീവ് കെയർ എന്നിവ ഉൾപ്പെടുന്ന സൗജന്യ വാർഷിക പരിശോധനകളാണ് പാക്കേജിലുള്ളതെന്ന് ഡോ. ചെറിയാൻ വിശദീകരിച്ചു. ഇതിനുപുറമെ തിരഞ്ഞെടുത്ത മെഡിക്കൽ കൺസൾട്ടേഷനുകൾ, സെൽഫ്-പേ സേവനങ്ങൾ, റൂം അപ്‌ഗ്രേഡുകൾ എന്നിവയിൽ പ്രത്യേക ഇളവുകളും ലഭിക്കും.
സ്ഥിരതാമസം, യാത്രാ സ്വാതന്ത്ര്യം, കുടുംബാംഗങ്ങളെ ഉൾപ്പെടുത്താനുള്ള സൗകര്യം, ബഹ്‌റൈൻ ദേശീയ തിരിച്ചറിയൽ കാർഡ്, നിക്ഷേപ-തൊഴിൽ അവസരങ്ങൾ എന്നിവ ഉറപ്പാക്കുന്നതാണ് ബഹ്‌റൈന്റെ ഗോൾഡൻ റെസിഡൻസി പദ്ധതി. ആരോഗ്യ ആനുകൂല്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.goldenresidency.gov.bh എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
fvdffdfs


