'പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ശവംതീനിയല്ല'; ക്രീം വിവാദത്തിൽ മറുപടിയുമായി റനീഷ റഹ്മാൻ
ഷീബ വിജയൻ
മലപ്പുറം: മെർക്കുറി അടങ്ങിയ എഫ് ട്യൂൺ ഫെയർനസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് പെൺകുട്ടിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ, ഉൽപന്നം പ്രമോട്ട് ചെയ്ത ഇൻഫ്ലുവൻസർമാർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. ആരോഗ്യത്തിന് ഹാനികരമാകുന്ന ഇത്തരം സൗന്ദര്യവർധക വസ്തുക്കൾക്ക് ഇൻഫ്ലുവൻസർമാർ പ്രചാരം നൽകരുതെന്നാണ് പൊതുവെയുള്ള വിമർശനം. വിമർശനങ്ങൾ കടുത്തതോടെ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രീം പ്രമോട്ട് ചെയ്തവരിലൊരാളായ സീരിയൽ താരം റനീഷ റഹ്മാൻ. പെൺകുട്ടിയുടെ ദുരവസ്ഥ അറിഞ്ഞപ്പോൾ താൻ ഏറെ ഞെട്ടിപ്പോയെന്നും ചികിത്സയിൽ കഴിയുന്ന കുട്ടി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും റനീഷ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.
കഴിഞ്ഞ വർഷം തന്റെ മുഖത്തുണ്ടായ കരുവാളിപ്പ് മാറ്റുന്നതിനായി ഈ ക്രീം 15 ദിവസത്തോളം സ്വന്തമായി ഉപയോഗിച്ച് നോക്കിയിരുന്നുവെന്ന് റനീഷ വ്യക്തമാക്കി. സെൻസിറ്റീവ് ആയ തന്റെ ചർമ്മത്തിന് യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാകാതിരിക്കുകയും മികച്ച ഫലം ലഭിക്കുകയും ചെയ്തതിനാലാണ് ആത്മവിശ്വാസത്തോടെ പ്രമോഷൻ വീഡിയോ ചെയ്തത്. പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ശവംതീനിയാണ് എന്ന് ഒരാൾ കമന്റ് ചെയ്തത് കണ്ടുവെന്നും, എന്നാൽ അതിനോട് യോജിക്കാനാവില്ലെന്നും താരം പറഞ്ഞു. പ്രമോഷനുകൾക്ക് പ്രതിഫലം വാങ്ങാറുണ്ടെങ്കിലും പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ആളല്ല താനെന്നും, സ്വയം ഉപയോഗിച്ച് ബോധ്യപ്പെടാത്ത ഒരു ഉൽപന്നവും ഇന്നുവരെ ഇൻസ്റ്റഗ്രാമിലോ ഫെയ്സ്ബുക്കിലോ പ്രമോട്ട് ചെയ്തിട്ടില്ലെന്നും റനീഷ കൂട്ടിച്ചേർത്തു. ഓരോ വ്യക്തിയുടെയും ചർമ്മത്തിന്റെ സ്വഭാവവും ആരോഗ്യസ്ഥിതിയും വ്യത്യസ്തമായിരിക്കുമെന്നും, അതിനാൽ സോഷ്യൽ മീഡിയയിലെ റിവ്യൂകൾ മാത്രം വിശ്വസിച്ച് ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്നും താരം ഓർമ്മിപ്പിച്ചു.
cddfsdsds


