താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ബിൽ തള്ളി ബഹ്റൈൻ ശൂറ കൗൺസിൽ
പ്രദീപ് പുറവങ്കര
മനാമ: ഒരു വർഷത്തെ സേവനത്തിന് ശേഷം താൽക്കാലിക, പാർട്ട് ടൈം ബഹ്റൈനി സർക്കാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന പാർലമെന്റ് ബിൽ ശൂറ കൗൺസിൽ തള്ളി. നിയമം നടപ്പിലാക്കിയാൽ പുതിയ തൊഴിലവസരങ്ങൾ കുറയാനും ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ കരാറുകൾ അവസാനിപ്പിക്കാൻ മന്ത്രാലയങ്ങൾ നിർബന്ധിതരാകാനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.
സ്ഥിരം തസ്തികകൾക്കുള്ള സാമ്പത്തിക ശേഷിയില്ലാത്ത മന്ത്രാലയങ്ങൾ താൽക്കാലിക നിയമനങ്ങൾ പൂർണ്ണമായും നിർത്തിവെക്കാനോ കരാർ കാലാവധി നേരത്തെ അവസാനിപ്പിക്കാനോ സാധ്യതയുണ്ടെന്ന് ശൂറ കൗൺസിൽ അംഗം ഇജ്ലാൽ ബുബ്ഷൈത് ചൂണ്ടിക്കാട്ടി. ഇത് തൊഴിലന്വേഷകർക്ക് പ്രവൃത്തിപരിചയം നേടാനുള്ള അവസരം ഇല്ലാതാക്കുമെന്നും നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം വർദ്ധിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.
നിർദ്ദിഷ്ട നിയമം ഒരു വിഭാഗം ജീവനക്കാർക്ക് മാത്രം അനുകൂലമാകുകയും മറ്റുള്ളവരോട് അനീതി കാണിക്കുകയും ചെയ്യുമെന്ന് അംഗം സബീക്ക അൽ ഫദാല അഭിപ്രായപ്പെട്ടു. ബഹ്റൈൻ പൗരന്മാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇരുസഭകൾക്കും ഒരേ ലക്ഷ്യമാണുള്ളതെന്നും ബിൽ തള്ളിയത് തൊഴിലാളികളുടെ താൽപ്പര്യങ്ങൾക്ക് എതിരല്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഒഴിവുകളും ഫണ്ടും തുടർച്ചയായ സേവന ആവശ്യകതയുമുള്ള സാഹചര്യങ്ങളിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നിലവിൽ തന്നെ വ്യവസ്ഥയുണ്ടെന്ന് പാർലമെന്ററി കാര്യ മന്ത്രി ഗാനിം അൽ ബുഐനൈൻ വ്യക്തമാക്കി. മുൻ ഇൻഫർമേഷൻ അഫയേഴ്സ് മന്ത്രി ഡോ. അലി അൽ റുമൈഹിയുടെ കാലത്ത് 150-ഓളം താൽക്കാലിക ജീവനക്കാരെ നടപടിക്രമങ്ങൾ പാലിച്ച് സ്ഥിരപ്പെടുത്തിയത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ഒഴിവുകളില്ലാത്ത സാഹചര്യത്തിൽ ജീവനക്കാരെ നിർബന്ധമായി സ്ഥിരപ്പെടുത്തുന്നത് തസ്തിക പരിധികൾ ലംഘിക്കുന്നതിന് കാരണമാകുമെന്ന് മന്ത്രി പറഞ്ഞു. സർവ്വകലാശാലകളിൽ പഠിപ്പിക്കുന്ന ഡോക്ടർമാരും വിദഗ്ധരും ഉൾപ്പെടെയുള്ള പല പാർട്ട് ടൈം ജീവനക്കാർക്കും നിലവിൽ മറ്റ് സ്ഥിരം സർക്കാർ ജോലികളുണ്ടെന്നും, ഇവരെ രണ്ടാമതൊരു തസ്തികയിൽ സ്ഥിരപ്പെടുത്തുന്നത് ഒരേസമയം രണ്ട് സർക്കാർ ജോലികൾ വഹിക്കുന്നത് വിലക്കുന്ന സിവിൽ സർവീസ് നിയമത്തിലെ ആർട്ടിക്കിൾ 10(4)-ന്റെ ലംഘനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
asadsasads


