പഞ്ചാബിൽ നദീജല പ്രമേയം പാസാക്കി ആർഎസ്എസ് കർഷക സംഘടന; കുരുക്കിലായി ബിജെപി
ഷീബ വിജയൻ
ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആർഎസ്എസ് കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘ് നദീജല പ്രമേയം പാസാക്കിയത് ബിജെപിയെ വെട്ടിലാക്കി. സിന്ധു നദീജല വ്യവസ്ഥയിലെ വെള്ളം ഉപയോഗിച്ച് പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾക്കായി വിപുലമായ ജലസേചന ശൃംഖല നിർമിക്കണമെന്നും നദീജല തർക്കങ്ങൾ പരിഹരിക്കണമെന്നുമാണ് ആവശ്യം. ഇതിനായി കർഷകർ ഭൂമി വിട്ടുനൽകണമെന്നും പ്രമേയത്തിലുണ്ട്.
ഹരിയാനയ്ക്കും രാജസ്ഥാനും കൂടുതൽ വെള്ളം നൽകുന്നതിനെ പഞ്ചാബിലെ കർഷകരും രാഷ്ട്രീയ പാർട്ടികളും ശക്തമായി എതിർക്കുമ്പോഴാണ് ലുധിയാനയിൽ നടന്ന യോഗത്തിൽ ഈ പ്രമേയം വന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ഈ മേഖലയിലെ ജനസംഖ്യ അഞ്ച് മടങ്ങ് വർധിച്ച് 16 കോടിയായെങ്കിലും ജലസ്രോതസ്സുകൾ കുറയുകയാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.
ഒരു തുള്ളി വെള്ളം പോലും വിട്ടുനൽകില്ലെന്ന നിലപാടിലാണ് കർഷക സംഘടനകൾ. നദീജല അവകാശങ്ങൾക്കായി പഞ്ചാബ് നിയമസഭ കഴിഞ്ഞ മാസം അഞ്ച് പ്രമേയങ്ങൾ പാസാക്കിയിരുന്നു. ഗ്രാമങ്ങളിൽ വേരോട്ടമുണ്ടാക്കാനും ശിരോമണി അകാലിദളുമായി സഖ്യത്തിനും ശ്രമിക്കുന്ന ബിജെപിക്ക് ഈ നീക്കം തിരിച്ചടിയാകും. വിഷയം ആയുധമാക്കാൻ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒരുങ്ങുകയാണ്. പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെക്കാനുള്ള കേന്ദ്ര തീരുമാനത്തെ സംഘടന പിന്തുണച്ചു.
qdeqweqweqw


