'മമ്മൂട്ടിയുടെ വിമർശനങ്ങളെ ക്രിയാത്മകമായി കാണുന്നു'; നടനെതിരായ സൈബർ ആക്രമണങ്ങൾ തള്ളി എം.വി. ഗോവിന്ദൻ
ശാരിക
തിരുവനന്തപുരം: പ്രശസ്ത നടൻ മമ്മൂട്ടി നടത്തുന്ന വിമർശനങ്ങളെ പാർട്ടി ക്രിയാത്മകമായിട്ടാണ് വീക്ഷിക്കുന്നതെന്നും, എതിരഭിപ്രായമുള്ളവരോടും നല്ലരീതിയിൽ സംവദിക്കുകയെന്നതാണ് സി.പി.എമ്മിന്റെ നയമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമ്മൂട്ടിക്കും അദ്ദേഹത്തെ വസതിയിൽ ചെന്ന് സന്ദർശിച്ച എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കൾക്കും നേരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ ഗോവിന്ദൻ, മമ്മൂട്ടി ലോകമറിയുന്ന മലയാളത്തിന്റെ മഹാനടനാണ് എന്ന് വിശേഷിപ്പിച്ചു. മമ്മൂട്ടിയെപ്പോലെയുള്ള ഒരാൾ ചിലപ്പോൾ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ടാകാം, എന്നാൽ പാർട്ടിക്ക് മമ്മൂട്ടിയെ ആക്രമിക്കാൻ യാതൊരു താല്പര്യവുമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.
വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് സന്ദർശനത്തിനിടെ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖുമായി ഉണ്ടായ ചില തർക്കവിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇടത് അനുകൂല പേജുകളിൽ നിന്ന് ഉൾപ്പെടെ നടനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നത്. എന്നാൽ മുൻപ് തന്നെ ഈ ആക്രമണങ്ങളെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി സെക്രട്ടറി തന്നെ ഔദ്യോഗിക നിലപാട് മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയത്.
അതോടൊപ്പം, കാലിക്കറ്റ് സർവകലാശാല കാമ്പസിൽ യു.ഡി.എസ്.എഫ് നടത്തിയ അക്രമങ്ങളെയും എം.വി. ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ മേജർ സീറ്റുകളും എസ്.എഫ്.ഐ തൂത്തുവാരിയതിലുള്ള രാഷ്ട്രീയ പകപോക്കലാണ് ലീഗ്-എം.എസ്.എഫ് സംഘം കാട്ടിയതെന്നും, ഇതിനെതിരെ ശക്തമായ പൊലീസ് നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
sdfsf

