അവശിഷ്ടങ്ങൾക്കിടയിൽ നിന്നും രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു: ഡൽഹി സീമാപുരി കെട്ടിട ദുരന്തത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു
ഷീബ വിജയൻ
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ സീമാപുരിയിൽ ഇദ്ഗാഹ് മച്ച്ലി മണ്ടിക്കു സമീപമുള്ള നാലുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നുസ്രത്ത് എന്ന ഗൂരിയ, ഹജ്റ ബീബി എന്നിവരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ അഞ്ചിലേക്ക് എത്തിയത്. അപകടം നടന്ന ബുധനാഴ്ച തന്നെ 12 വയസ്സുള്ള ഒരു പെൺകുട്ടിയും നാല് മാസം ഗർഭിണിയായ ഗുലാഫ്സ (21) എന്ന യുവതിയും ഒന്നര വയസ്സുള്ള കുട്ടിയും മരണപ്പെട്ടിരുന്നു.
അപകടത്തിൽ പരിക്കേറ്റ എട്ടുപേർ താഹിർപൂരിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചയോടെയാണ് നാലുനില കെട്ടിടം പെട്ടെന്ന് തകർന്നുവീണത്. ഉത്തരാഖണ്ഡിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് ഡൽഹിയിലുണ്ടായ പ്രകമ്പനത്തിൽ കെട്ടിടത്തിന് വിള്ളൽ വീണിരുന്നതായി സമീപവാസികൾ ആരോപിക്കുന്നുണ്ട്. എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, ഡൽഹി പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
adsddasasd

