പരശുറാമിൽ എൽ.എച്ച്.ബി കോച്ചുകൾ വരുന്നു; ജനറൽ സീറ്റുകളിൽ 700 എണ്ണത്തിന്റെ കുറവ്
ഷീബ വിജയൻ
മംഗളൂരു: മലബാറിലെ പ്രതിദിന യാത്രക്കാരുടെ പ്രധാന ആശ്രയമായ മംഗളൂരു-കന്യാകുമാരി പരശുറാം എക്സ്പ്രസ് ഐ.സി.എഫ് റാക്കുകളിൽ നിന്ന് എൽ.എച്ച്.ബി (ലിങ്ക് ഹൊഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്നു. സെപ്റ്റംബർ 22 മുതൽ മംഗളൂരുവിൽ നിന്നുള്ള സർവീസും (16649), സെപ്റ്റംബർ 23 മുതൽ കന്യാകുമാരിയിൽ നിന്നുള്ള മടക്ക സർവീസും (16650) പുതിയ എൽ.എച്ച്.ബി റാക്കുകളിലായിരിക്കും ഓടുക. നിലവിൽ 16 ജനറൽ കോച്ചുകളുമായി സർവീസ് നടത്തുന്ന ട്രെയിനിൽ ഇനിമുതൽ ഒമ്പത് ജനറൽ കോച്ചുകൾ മാത്രമാണുണ്ടാവുക.
ഒരു ഐ.സി.എഫ് കോച്ചിൽ 105 സീറ്റുകൾ എന്ന കണക്കിൽ നിലവിൽ 1,680 ജനറൽ സീറ്റുകളാണ് പരശുറാമിൽ ലഭ്യമായിരുന്നത്. എൽ.എച്ച്.ബിയിലേക്ക് മാറുന്നതോടെ ഒമ്പത് കോച്ചുകളിലായി ഇത് 972 ആയി ചുരുങ്ങും. അതായത് പ്രതിദിനം എഴുന്നൂറോളം ജനറൽ സീറ്റുകളുടെ കുറവാണ് ഉണ്ടാകാൻ പോകുന്നത്. നിലവിൽ 16 ജനറൽ കോച്ചുകളുള്ളപ്പോൾ തന്നെ ശ്വാസം മുട്ടിക്കുന്ന തിരക്കാണ് ട്രെയിനിൽ അനുഭവപ്പെടാറുള്ളത്. പുതിയ ക്രമീകരണം നിലവിൽ വരുന്നതോടെ ഓഫീസ ജീവനക്കാരും വിദ്യാർഥികളും അടക്കമുള്ള സ്ഥിരം യാത്രക്കാരുടെ യാത്രാ ദുരിതം ഇരട്ടിയാകും.
രണ്ട് എ.സി ചെയർ കാർ, ഒൻപത് സെക്കൻഡ് സിറ്റിങ്, ഒൻപത് ജനറൽ സെക്കൻഡ് ക്ലാസ്, ഒരു സെക്കൻഡ് ലഗേജ് കം ബ്രേക്ക് വാൻ എന്നിവയടങ്ങുന്നതാണ് പുതിയ എൽ.എച്ച്.ബി റാക്ക്. റിസർവേഷൻ ടിക്കറ്റുകൾക്ക് ഉയർന്ന ആവശ്യക്കാരുള്ളതിനാലാണ് ജനറൽ കോച്ചുകൾ കുറച്ച് റിസർവ്ഡ് സീറ്റുകൾ വർധിപ്പിച്ചതെന്നാണ് റെയിൽവേയുടെ പക്ഷം. നേരത്തെ മൂന്ന് സിറ്റിങ് കോച്ചുകളിലായി 315 റിസർവ് ചെയ്ത സീറ്റുകൾ മാത്രമാണുണ്ടായിരുന്നത്. പുതിയ മാറ്റത്തോടെ റിസർവ് ചെയ്ത സീറ്റുകളുടെ എണ്ണം 972 ആയി ഉയരും. ട്രെയിനിന്റെ സുരക്ഷയും യാത്രാസൗകര്യവും വർധിക്കുമെങ്കിലും ജനറൽ കോച്ചുകളുടെ എണ്ണം വൻതോതിൽ വെട്ടിക്കുറച്ചത് സാധാരണക്കാരായ യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കും.
cxzcxcxcxz

