ബേപ്പൂരിലെ പരാജയം യു.ഡി.എഫ് കേന്ദ്രങ്ങളിലെ വോട്ട് ചോർച്ച മൂലം: വിശദമായ കണക്കുകളുമായി വീണ്ടും വെടിപൊട്ടിച്ച് പി.വി. അൻവർ
ഷീബ വിജയൻ
ബേപ്പൂർ: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി മുൻ എം.എൽ.എ പി.വി. അൻവർ രംഗത്തെത്തി. മണ്ഡലത്തിലെ യു.ഡി.എഫ് കേന്ദ്രങ്ങളിൽ വലിയ രീതിയിൽ വോട്ട് ചോർച്ചയുണ്ടായെന്നും ഇതിന്റെ വിശദമായ കണക്കുകളും തോൽവിയിലേക്ക് നയിച്ച സാഹചര്യങ്ങളും വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും ദീർഘമായ ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി. പിണറായി സർക്കാരിന്റെ ഏകാധിപത്യ പ്രവണതകൾക്കും ഉദ്യോഗസ്ഥ ഭരണത്തിനുമെതിരെ താൻ നടത്തിയ പോരാട്ടങ്ങളുടെ തുടർച്ചയായാണ് ബേപ്പൂരിൽ ജനവിധി തേടിയത്. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ മത്സരിക്കുക വഴി 'പിണറായിസം', 'മരുമോനിസം', കുടുംബവാഴ്ച എന്നീ വിഷയങ്ങൾ സംസ്ഥാനതലത്തിൽ ചർച്ചയാക്കാനും റിയാസിനെ ബേപ്പൂരിൽ തന്നെ കേന്ദ്രീകരിക്കാൻ പ്രേരിപ്പിച്ചതിലൂടെ കോഴിക്കോട് ജില്ലയിലെ മറ്റ് മണ്ഡലങ്ങളിൽ യു.ഡി.എഫിന് എളുപ്പത്തിൽ ജയിച്ചുകയറാൻ കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ, യു.ഡി.എഫ് ഭരണത്തിലുള്ള ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളിലും ചെറുവണ്ണൂർ-നല്ലളം മേഖലകളിലും പ്രതീക്ഷിച്ച ലീഡ് ലഭിച്ചില്ലെന്നും, ഇവിടെ ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വോട്ടുകളാണ് തോൽവിയുടെ ആഘാതം കുറച്ചതെന്നും ഫോം 20 പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും അൻവർ കുറിച്ചു. തനിക്കെതിരെ നാലോളം അപരന്മാരെ നിർത്തി 1,469 വോട്ടുകൾ ഭിന്നിപ്പിച്ചെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രചാരണത്തോടെ ബി.ജെ.പി വോട്ടുകൾ കൂട്ടത്തോടെ എതിർ സ്ഥാനാർത്ഥിക്ക് ലഭിച്ചെന്നും അദ്ദേഹം ആരോപിക്കുന്നു. സ്ഥാനാർത്ഥി എന്ന നിലയിൽ യു.ഡി.എഫിന്റെ പ്രചാരണ ചുമതലകൾ താൻ ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വന്നെന്നും, അനാസ്ഥ കാരണം വിതരണം ചെയ്യാത്ത നോട്ടീസുകളും ഒട്ടിക്കാത്ത പോസ്റ്ററുകളും പ്രചാരണത്തിന് ശേഷം കണ്ടെത്തിയത് വേദനിപ്പിച്ചെന്നും വെളിപ്പെടുത്തിയ അൻവർ, കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നാലിലൊന്നായി കുറയ്ക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും 215 ബൂത്തുകളിലെയും വിശദമായ കണക്കുകൾ ഉടൻ തന്നെ പുറത്തുവിടുമെന്നും അറിയിച്ചു.
adsasasadsds

