"ഇത് എന്റെ ആദ്യത്തേതും അവസാനത്തേതുമായ തെറ്റ്": ജന്തർമന്തറിലെ പ്രതിഷേധത്തിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച പെൺകുട്ടി മാപ്പ് പറഞ്ഞു
ശാരിക
ന്യൂഡൽഹി: ജന്തർമന്തറിലെ വിദ്യാർഥി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച സംഭവത്തിൽ കേസിൽപെട്ട പെൺകുട്ടി മാപ്പുപറഞ്ഞ് വീഡിയോ പുറത്തുവിട്ടു. കൈകൂപ്പി ക്ഷമാപണം നടത്തുന്ന വിഡിയോയിൽ, തനിക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്നും സഹപ്രവർത്തകരുടെ പ്രേരണയാലാണ് സംസാരിച്ചതെന്നും തന്നോട് ക്ഷമിക്കണമെന്നും പെൺകുട്ടി പറയുന്നു. ഇത് തന്റെ ആദ്യത്തേതും അവസാനത്തേതുമായ തെറ്റാണെന്നും പെൺകുട്ടി വിഡിയോയിൽ വ്യക്തമാക്കി. എന്നാൽ ഈ വിഡിയോയുടെ ആധികാരികത സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നേരത്തെ എഫ്.ഐ.ആറിൽ പെൺകുട്ടിക്ക് 25 വയസ്സ് പ്രായമുണ്ടെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ താൻ പ്രായപൂർത്തിയാകാത്തയാളാണെന്നാണ് മാപ്പപേക്ഷയിൽ പെൺകുട്ടി അവകാശപ്പെടുന്നത്. പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ നോയിഡ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സീറോ എഫ്.ഐ.ആർ പിന്നീട് ന്യൂഡൽഹി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. പ്രധാനമന്ത്രിയുടെ ഭരണഘടനാ പദവിയെ അപമാനിക്കുന്നതും പൊതുസമാധാനം തകർക്കുന്നതുമാണ് പെൺകുട്ടിയുടെ പരാമർശമെന്നാണ് കേസ്.
അതിനിടെ, പ്രതിഷേധക്കാർക്ക് മാപ്പ് നൽകുന്നതായി വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. വിദ്യാർഥികൾക്ക് വഴികാട്ടുകയാണ് വേണ്ടതെന്നും ശിക്ഷയോ നിയമനടപടികളോ പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയും പരേതയായ അമ്മയ്ക്കെതിരെയും മോശം ഭാഷ ഉപയോഗിച്ചത് സാംസ്കാരികപരമായ ഞെട്ടലുണ്ടാക്കിയെങ്കിലും, ചെറുപ്പക്കാരോട് ക്ഷമിക്കാനും അവരെ ശരിയായ പാതയിലേക്ക് നയിക്കാനും സമൂഹം തയാറാകണമെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു. ഇതിനു പിന്നാലെയാണ് 15-കാരിയുടേതെന്ന പേരിൽ വിഡിയോ പുറത്തുവന്നത്.
xgfg

