ബഹ്‌റൈൻ ഹരിത ഗതാഗത മുന്നേറ്റത്തിന് രണ്ട് ജിസിസി പുരസ്കാരങ്ങൾ
പ്രദീപ് പുറവങ്കര
സലാല: പരിസ്ഥിതി സൗഹൃദ ഗതാഗത രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ബഹ്‌റൈന് രണ്ട് പ്രമുഖ ജിസിസി പുരസ്കാരങ്ങൾ ലഭിച്ചു. ഒമാനിലെ സലാലയിൽ നടന്ന രണ്ടാമത് ഗൾഫ് ഗ്രീൻ മൊബിലിറ്റി ഫോറത്തിലാണ് ബഹ്‌റൈൻ ഈ നേട്ടം കൈവരിച്ചത്.
ഖലീഫ ബിൻ സൽമാൻ പോർട്ടിന് 'സസ്റ്റൈനബിൾ ഓർഗനൈസേഷൻ' പുരസ്കാരവും, ഗതാഗത-വാർത്താവിനിമയ മന്ത്രാലയത്തിലെ ലാൻഡ് ട്രാൻസ്പോർട്ട് ആൻഡ് പോസ്റ്റൽ അഫയേഴ്സ് അണ്ടർസെക്രട്ടറി ഫാത്തിമ അബ്ദുള്ള അൽ ധാഇന് 'ലീഡിംഗ് വുമൺ ഇൻ മൊബിലിറ്റി' പുരസ്കാരവുമാണ് ലഭിച്ചത്. ധോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദിൽ നിന്ന് ഗതാഗത-വാർത്താവിനിമയ മന്ത്രി ഡോ. ശൈഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ തുറമുഖത്തിനുള്ള അവാർഡ് ഏറ്റുവാങ്ങി.
തുറമുഖത്ത് സ്ഥാപിച്ച വിപുലമായ സൗരോർജ്ജ പദ്ധതിയിലൂടെ കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ഊർജ്ജ കാര്യക്ഷമത വർദ്ധിപ്പിക്കാനും സാധിച്ചതാണ് ഖലീഫ ബിൻ സൽമാൻ പോർട്ടിനെ പുരസ്കാരത്തിന് അർഹമാക്കിയത്. സുസ്ഥിര ഗതാഗത വികസനത്തിലും ഈ രംഗത്തെ വനിതാ പങ്കാളിത്തവും യുവജന പ്രാതിനിധ്യവും ഉറപ്പാക്കുന്നതിലും നൽകിയ സംഭാവനകളാണ് ഫാത്തിമ അൽ ധാഇന് അംഗീകാരം നേടിക്കൊടുത്തത്.
സുസ്ഥിര ഗതാഗത രംഗത്ത് രാജ്യം കൈവരിച്ച വലിയ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് ഈ അവാർഡുകളെന്ന് മന്ത്രി ഡോ. ശൈഖ് അബ്ദുള്ള വ്യക്തമാക്കി.
dgfdg

