എ.ഐ സാങ്കേതികവിദ്യയുടെ കടന്നുകയറ്റം: എച്ച്.ഡി.എഫ്.സി ബാങ്കിൽ 3400-ലധികം പേർക്ക് ജോലി നഷ്ടമായി
ഷീബ വിജയൻ
ന്യൂഡല്‍ഹി: ബാങ്കിങ് മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യകൾ വ്യാപകമാകുന്നതോടെ ജീവനക്കാരുടെ തൊഴിൽ നഷ്ടം തുടരുന്നു. രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 3,443 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. മുൻവർഷം 2,14,521 ജീവനക്കാരുണ്ടായിരുന്ന ബാങ്കിൽ നിലവിൽ അത് 2,11,178 ആയി കുറഞ്ഞു. വർക്ക്മെൻ, ക്ലർക്ക്, സബോർഡിനേറ്റ് സ്റ്റാഫ് എന്നീ തസ്തികകളിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിലാണ് ബാങ്ക് വലിയ വെട്ടിക്കുറയ്ക്കൽ നടത്തിയത്. ഉപഭോക്താക്കൾക്ക് മികച്ച ഡിജിറ്റൽ ബാങ്കിങ് അനുഭവം നൽകുന്നതിനൊപ്പം ജീവനക്കാരുടെ ജോലി കൂടുതൽ കാര്യക്ഷമമാക്കാനാണ് എ.ഐ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതെന്ന് ബാങ്ക് സി.ഇ.ഓ ശശിധർ ജഗദീശൻ വ്യക്തമാക്കി. താഴെത്തട്ടിലുള്ള ജീവനക്കാരുടെ എണ്ണം കുറച്ചെങ്കിലും മിഡിൽ മാനേജ്‌മെന്റ് ജീവനക്കാരുടെ എണ്ണം 9,159-ൽ നിന്നും 10,441 ആയി ബാങ്ക് ഉയർത്തിയിട്ടുണ്ട്. ഇതോടൊപ്പം സീനിയർ മാനേജർമാരുടെ എണ്ണത്തിലും നേരിയ വർദ്ധനവ് വരുത്തിയിട്ടുണ്ട്.
sdddfsfd

